മലപ്പുറം: സംസ്ഥാനത്തെ വിവിധ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും കര്‍ക്കിടകവാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണം ആരംഭിച്ചു. വയനാട്ടിലെ തിരുനെല്ലി, തിരുവല്ലം, വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, ശംഖുമുഖം കടപ്പുറം, അരുവിക്കര, തിരുനാവായ നാവാമുകന്ദക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിനായി പതിനായിരങ്ങളാണ് എത്തിയിട്ടുള്ളത്.

പതിനാല് ലോകങ്ങളില്‍ ഭൂമിയുടെ സ്ഥാനം മധ്യത്തിലും അതിനുമുകളില്‍ ഭുവര്‍ ലോകവും, അതിനുമുകളില്‍ സ്വര്‍ഗ്ഗലോകവും എന്നാണ് വിശ്വാസം. ജലം, വായു, ആകാശം, അഗ്നി, ഭൂമി എന്നിങ്ങനെയുള്ള പഞ്ചഭുതങ്ങളില്‍ ഭൂമിക്കു മുകളില്‍ ജലത്തിന്റെ സാന്നിധ്യമാണ്. അതിനാല്‍ ഭൂവര്‍ ലോകവാസികള്‍ക്ക് ജലതര്‍പ്പണം നടത്തേണ്ടതുണ്ടെന്ന വിശ്വാസമാണ് ബലിതര്‍പ്പണത്തിന്റെ പിന്നിലുള്ളത്.

ഉത്തരകേരളത്തില്‍ പിതൃക്കള്‍ വീടുസന്ദര്‍ശിക്കുന്ന ദിവസ മാണ് കര്‍ക്കിടകവാവെന്നു വിശ്വസിക്കപ്പെടുന്നു. ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് വാവടയുണ്ടാക്കി പിന്‍ഗാമികള്‍ ഭുമിയില്‍ കാത്തിരിക്കും. വയനാട്ടിലെ മാനന്തവാടിക്കടുത്ത തിരുനെല്ലി ക്ഷേത്രത്തിനോടു ചേര്‍ന്ന പാപനാശിനിയില്‍ ശ്രീരാമനും ലക്ഷ്ണനും വനവാസത്തിന്റെ തുടക്കത്തില്‍ ദശരഥനുവേണ്ടി പിതൃതര്‍പ്പണം നടത്തി എന്നാണ് വിശ്വാസം.