എഡിറ്റര്‍
എഡിറ്റര്‍
കരിവെള്ളൂര്‍ : ചരിത്രം ,സമരം ,ജീവിതം
എഡിറ്റര്‍
Saturday 4th January 2014 2:12pm

കര്‍ഷകസമരത്തിന്റെ ചോര പുരണ്ട മണ്ണാണ് കരിവെള്ളൂര്‍. സാമ്രാജ്യവിരുദ്ധപ്പോരാട്ടങ്ങളുടെ, ദേശീയ സമരങ്ങളുടെ കളരികൂടിയാണ് ഈ കര്‍ഷകസമരങ്ങള്‍. കരിവെള്ളൂരിനെ കമ്മ്യൂണിസ്റ്റ് ഭൂപടത്തില്‍ വരച്ചുചേര്‍ത്ത കര്‍ഷകസമരങ്ങളുടെ അടിവേരുകള്‍ ചികയുകയാണ് ഈ പുസ്തകത്തില്‍ സമരനായകന്റെ മകന്‍ കൂടിയായ ലേഖകന്‍.


karivellur]                  line

ബുക്ക് ന്യൂസ്/ടി.പി സക്കറിയ

line

പുസ്തകം: കരിവെള്ളൂര്‍: ചരിത്രം, സമരം, ജീവിതം
എഴുത്തുകാരന്‍: കരിവെള്ളൂര്‍ മുരളി
വിഭാഗം:ചരിത്രം
വില: 210രൂപ
പ്രസാധകര്‍: ഡിസംബര്‍ ബുക്‌സ്, പയ്യന്നൂര്‍


കേരളത്തിന്റെ രാഷ്ട്രീയമനസ്സ് രൂപപ്പെടുത്തുന്നതില്‍ ഈ കേരളക്കരയില്‍ നടന്ന ചെറുതും വലുതുമായ എണ്ണമറ്റ രാഷ്ട്രീയസമരങ്ങളും കര്‍ഷകസമരങ്ങളും അതിന്റെതായ പങ്കുവഹിച്ചിട്ടുണ്ട്.

പുന്നപ്രവയലാറും കയ്യൂരും കരിവെള്ളൂരുമെല്ലാം കേരളത്തിന്റെ രാഷ്ടീയമനസ്സ് രൂപപ്പെടുത്തിയ ഇടങ്ങളാണ്. ഈ രാഷ്ട്രീയ ഭൂമികകളെക്കുറിച്ചുള്ള സമഗ്രമായ ചരിത്രാന്വേഷണങ്ങള്‍ ഇതുവരെ നടന്നിട്ടില്ല.

പണ്ഡിതര്‍ക്ക് പലപ്പോഴും  അവ വെറും പേരുകള്‍ മാത്രമാണ്. ആദ്യകാല കര്‍ഷകസമരങ്ങളും സാമ്രാജ്യവിരുദ്ധ  ദേശീയ സമരങ്ങളും കേരളത്തിന്റെ മനോഘടന രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്കെന്തെന്ന് ഇനിയും അന്വേഷിക്കേണ്ടതായിട്ടാണിരിക്കുന്നത്.

ഈ വിപ്ലവങ്ങളില്‍ പങ്കെടുത്തവരോ അതിന്ന് നേതൃത്വം നല്‍കിയ സംഘടനകളോ പ്രസിദ്ധീകരിച്ച ചെറു ലേഖനങ്ങളോ കുറിപ്പുകളോ അവയുടെ വാര്‍ഷിക സോവനീറുകളില്‍ പൊടിഞ്ഞുതീരുന്നു.

ഇടയ്ക്ക് വിപ്ലവം നടന്ന ദേശങ്ങളിലെ ആളുകളുടെ ഓര്‍മ്മകളില്‍ നിന്ന് അവ പൊടി തട്ടി ഉയിര്‍ത്തെഴുന്നേല്‍ക്കാറുണ്ട്. അത്തരമൊരു ഉയിര്‍പ്പാണ് കരിവെള്ളൂര്‍ മുരളിയുടെ പുസ്തകം. കരിവെള്ളൂര്‍ : ചരിത്രം ,സമരം ,ജീവിതം. (ഡിസംബര്‍ ബുക്സ്സ് പയ്യന്നൂര്‍.)

karivellur-muraliകര്‍ഷകസമരത്തിന്റെ ചോര പുരണ്ട മണ്ണാണ് കരിവെള്ളൂര്‍. സാമ്രാജ്യവിരുദ്ധ പ്പോരാട്ടങ്ങളുടെ ,ദേശീയ സമരങ്ങളുടെ കളരികൂടിയാണ് ഈ കര്‍ഷകസമരങ്ങള്‍. കരിവെള്ളൂരിനെ കമ്മ്യൂണിസ്റ്റ് ഭൂപടത്തില്‍ വരച്ചുചേര്‍ത്ത കര്‍ഷകസമരങ്ങളുടെ അടിവേരുകള്‍ ചികയുകയാണ് ഈ പുസ്തകത്തില്‍ സമരനായകന്റെ മകന്‍ കൂടിയായ ലേഖകന്‍.

കരിവെള്ളൂരിന്റെ ചരിത്രം രേഖപ്പെടുത്തല്‍ തന്റെ ജീവിതദൗത്യമാണെന്ന് ലേഖകന്‍ കരുതുന്നു. കരിവെള്ളൂരിന്റെ രാഷ്ട്രീയ  സാംസ്‌കാരികചരിത്രം പൊതുവില്‍ വടക്കേ മലബാറിന്റെ രാഷ്ട്രീയ ചരിത്രം തന്നെയാണെന്ന് ലേഖകന്‍ തിരിച്ചറിയുന്നുണ്ട്.

പക്ഷെ ഈ പൊതു രാഷ്ട്രീയ ഇടത്തിലും കരിവെള്ളൂരിന്റെ സ്വത്വം അനേഷിക്കുകയാണ് ലേഖകന്‍. കരിവെള്ളൂരിന്റെ രാഷ്ട്രീയവും സാംസ്‌കാരികവും ഭൂപരവുമായ പ്രത്യേകതകള്‍ അദ്ദേഹം പരിശോധിക്കുന്നു.

കരിവെള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും പ്രാചീനമനുഷ്യവാസവ്യവസ്ഥയെയും രാജഭരണവ്യവസ്ഥയെയും ലേഖകന്‍ സാമാന്യമായി പരിചയപ്പെടുത്തുന്നുണ്ട്.
ഭൂബന്ധങ്ങളും സാമൂഹിക പശ്ചാത്തലവും എന്ന അദ്ധ്യായം അക്കാലത്തെ കാര്‍ഷിക കേരളം അനുഭവിച്ച പീഡാനുഭവങ്ങളുടെയും ദുരിതങ്ങളുടെയും നേര്‍ ചിത്രമാകുന്നു.

കോലത്തിരിയുടെ കീഴിലുള്ള പഴയ ചിറക്കല്‍ രാജവംശത്തില്‍ പെട്ടതാണ് പയ്യന്നൂരും കരിവെള്ളൂരും മറ്റ് പരിസരപ്രദേശങ്ങളും. പ്രാദേശിക പ്രമാണിമാരെ കീഴ്‌പ്പെടുത്തി ചിറക്കല്‍ കോവിലകം കരിവെള്ളൂരിലെ ഭൂമിയുടെ അവകാശവും ക്ഷേത്രത്തിന്റെ ഊരായ്മയും കൈവശപ്പെടുത്തി.

കൃഷിഭൂമി പ്രാദേശിക ജന്മിമാരുടെയും ചിറക്കല്‍ രാജാവിന്റെയും കൈയ്യിലായതോടെ സാധാരണ കൃഷിക്കാരും കുടിയാന്മാരും സാമ്പത്തിക ചൂഷണങ്ങള്‍ക്കിരയായി.  നാടുവാഴികള്‍, ദേശവാഴികള്‍, മുഖ്യസ്ഥന്മാര്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ച അധികാരവ്യവസ്ഥയുടെ പ്രയോക്താക്കള്‍ കാര്യസ്ഥന്മാരായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭീഷണികളും നികുതിനിയമങ്ങളും ഒരുവശത്ത്. കോവിലകം കാര്യസ്ഥമാരുടെ ചൂഷണവും കൊടിയ പീഢനവും മറുവശത്തും.അക്കാലത്തെ താഴെത്തട്ടിലെ ജനജീവിതം ദുസ്സഹമായിരുന്നു.

ഭൂമിയുടെമേല്‍ പലതരം വാടകകള്‍ ചുമത്തപ്പെട്ടു. കുഴിക്കാണം, കൊഴുക്കാണം, വെറും പാട്ടം, കുടിയിരിപ്പ് എന്നിങ്ങനെ ഭൂമിയും വ്യക്തിയും തമ്മിലുള്ള ബന്ധത്തെ ഭൂമിവാടകയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍വചിക്കപ്പെട്ടു.
അടുത്ത പേജില്‍ തുടരുന്നു

Advertisement