എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂര്‍ വിമാനത്താവളം ഇനി ഇന്റലിജന്‍സ് ബ്യൂറോയുടെ കീഴില്‍
എഡിറ്റര്‍
Monday 19th March 2012 10:52am

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഇന്നു മുതല്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്കു കീഴില്‍. രാജ്യത്തെ മുഴുവന്‍ വിമാനത്താവങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗം ഇന്റലിജന്‍സ് ബ്യൂറോയുടെ പരിധിയില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് കരിപ്പൂര്‍ വിമാനതാവളത്തിലും നടപടി.

ഇന്നു മുതല്‍ ഇന്റലിജന്‍സ് ബ്യൂറോ ഡി.വൈ.എസ്.പി ശ്രീപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എമിഗ്രേഷന്‍ ചുമതലയിലുണ്ടാവുക. കേരള പൊലീസാണ് കരിപ്പൂരില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇതുവരെയായി നടത്തി വന്നിരുന്നത്. എമിഗ്രേഷന്‍ ഐ.ബിക്ക് കീഴില്‍ വരുന്നതോടെ ഇവരില്‍ ചില ഉദ്യോഗസ്ഥരെ മാറ്റിയേക്കും. ശേഷിക്കുന്നവരെയും ഐ.ബിയിലെ ചില ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാവും എമിഗ്രേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുക.

അതേസമയം കുവൈത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച യുവാവും സഹായം ന ല്‍കിയ രണ്ടു സ്വകാര്യ കമ്പനി ജീവനക്കാരും കരിപ്പൂരില്‍ അറസ്റ്റിലായി. കണ്ണൂര്‍ പേരാവൂര്‍ ചിറ്റാരിപറമ്പ് കോളയാട് മൈലാപറമ്പില്‍ ഷൈജല്‍ മാത്യുവാണ് (33) കുവൈറ്റിലേക്കു കടക്കാന്‍ ശ്രമിച്ചത്.

കരിപ്പൂരിലെ വിസ്‌കാന്‍ കമ്പനി ട്രാഫിക് ഏജന്റ് കൂത്തുപറമ്പ് ആലഞ്ചേരി ചിറ്റാപൂര്‍ അരുണ്‍ (22), ഭദ്ര കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ ഏജന്റ് കോഴിക്കോട് നല്ലളം വലിയവീട്ടില്‍ ഷമീല്‍ (24) എന്നിവരാണ് കേന്ദ്ര സുരക്ഷാ സേന ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായ മറ്റുള്ളവര്‍.

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്‌പോര്‍ട്ടില്‍ അനധികൃതമായി കുവൈറ്റിലേക്ക് പോകാനെത്തിയ ഷൈജല്‍ മാത്യുവിനെ എമിഗ്രേഷന്‍ പരിശോധനയ്ക്കു വിധേയമാക്കാതെ ബോര്‍ഡിങ് പാസെടുത്ത് സെക്യൂരിറ്റി ലോഞ്ചിലെത്തിയപ്പോഴാണു സുരക്ഷാ സേന പിടികൂടുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനത്തില്‍ കുവൈത്തിലേക്ക് പോകാനാണ് ഷൈജല്‍ എത്തിയത്.

പത്താം ക്ലാസ് യോഗ്യത ഇല്ലാത്തതിനാല്‍ കുവൈറ്റിലെ ജോലിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമായിരുന്നു. ഇതൊഴിവാക്കി കിട്ടാനാണ് ജീവനക്കാരുടെ സഹായത്തോടെ സെക്യൂരിറ്റി ലോഞ്ചിലേക്ക് കടന്നത്. കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സിക്ക് 41,000 രൂപ നല്‍കിയാണ് ഷൈജല്‍ യാത്ര ചെയ്യാനെത്തിയിരുന്നത്. വിമാനത്താവളത്തില്‍ വച്ച് ഏജന്റ് നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചതോടെ സഹായത്തിന് ഷെമീലും അരുണും എത്തുകയായിരുന്നു.

വിമാനത്താവളത്തിലെ ബാത്ത് റൂമില്‍ വച്ചാണ് ഇയാള്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കിയത്. ഇതുമായി എമിഗ്രേഷന്‍ കൗണ്ടറിനു മുന്നിലെത്തി. ഈ സമയം വിദേശ വിമാനങ്ങളില്‍ പോകാനുള്ള യാത്രക്കാരും കൊച്ചിയിലേക്കുള്ള ആഭ്യന്തര യാത്രക്കാരുമുണ്ടായിരുന്നു. കൊച്ചി യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ വേണ്ടാത്തതിനാല്‍ ഇവരുടെ മറവിലൂടെയാണ് ഷൈജല്‍ മാത്യുവിനെ ഇരു സഹായികളും സെക്യുരിറ്റി ലോഞ്ചിലേക്ക് മാറ്റിയത്.

കോഴിക്കോട് സ്വദേശിയായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെ അനധികൃമായി പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ സീല്‍ പതിപ്പിച്ച് കുവൈത്തിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സെക്യൂരിറ്റി ലോഞ്ചിനു മുന്നിലുള്ള കേന്ദ്ര സുരക്ഷാ സേന ഉദ്യോഗസ്ഥനു സംശയം തോന്നി ഇയാളുടെ പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും പരിശോധിക്കുകയായിരുന്നു.

ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സഹായികളെയും മറ്റ് അനുബന്ധ ഉദ്യോഗസ്ഥരെയും കുറിച്ചു സൂചനകള്‍ ലഭിച്ചു. യാത്രക്കാരനെയും സഹായികളെയും പിന്നീട് കരിപ്പൂര്‍ പൊലീസിന് കൈമാറി.

Malayalam News

Kerala News In English

Advertisement