കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണത്തില്‍ അഴിമതി നടത്തിയ കേസില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റിലായി. മുഖ്യകരാറുകാരനായ ദല്‍ഹി സ്വദേശി ബി.ആര്‍. അറോറയും മറ്റൊരു കരാറുകാരനുമാണ് അറസ്റ്റിലായത്. കൊച്ചിയില്‍ വെച്ചാണ് ഇവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.

ബി.ആര്‍ അറോറ ആന്‍ഡ് അറോറ അസോസിയേറ്റ്‌സ് ആയിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റെണ്‍വേ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്നത്. റണ്‍വേ നിര്‍മാണത്തില്‍ ഇവര്‍ തിരിമറി നടത്തിയതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

Ads By Google

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റെണ്‍വേ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്‍ കുറഞ്ഞ അളവില്‍ ഉപയോഗിച്ച് അതിന്റെ ശരിയായ കണക്കിലുള്ള  വ്യാജ ഇന്‍വോയ്‌സ് ഉണ്ടാക്കി ബില്ല് മാറിയതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

മഞ്ചേരിയില്‍ ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ വ്യാജബില്ലുകള്‍ ഉണ്ടാക്കി പ്രതികള്‍ 52 ലക്ഷം രൂപയുടെ സിമന്റ് വാങ്ങിയിരുന്നതായാണ് സി.ബി.ഐ കണ്ടെത്തല്‍. സിമന്റ് നല്‍കിയ ഒരു കരാറുകാരനാണ് പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് വ്യാജബില്ലുകള്‍ ഉണ്ടാക്കിക്കൊടുത്തത്.

അതുപോലെ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ വ്യാജബില്ലുകളും പ്രതികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതേക്കുറിച്ചും സി.ബി.ഐ അന്വേഷണം നടന്നുവരുന്നു. മലപ്പുറത്തും കോഴിക്കോട്ടുമുള്ള ചില സ്ഥാപനങ്ങളില്‍ നിന്ന് പെയിന്റുകള്‍ വാങ്ങിയ ഇനത്തിലും വ്യാജരേഖകള്‍ ഉണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ എണ്ണം കൂടുമെന്നാണ് സൂചന.

രാജ്യത്തെ മറ്റ് വിമാനത്താവളിലും ഇത്തരത്തിലുള്ള അഴിമതി നടന്നതായി സി.ബി.ഐ അറിയിച്ചു. അതിനാല്‍ തന്നെ അന്വേഷണം മറ്റുവിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് നീങ്ങാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.