തിരുവന്തപുരം: കരിമഠം കോളനിയില്‍ അമേരിക്കന്‍ ഏജന്‍സി നടത്തിയെന്ന് ആരോപിക്കുന്ന സര്‍വ്വേയെക്കുറിച്ച് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ടി എന്‍ എസ് ഇന്ത്യ എന്ന സ്ഥാപനം നടത്തിയ സര്‍വ്വേ വിവാദമായിരുന്നു.

ഒക്ടോബര്‍ രണ്ടിന് നഗരത്തിലെ കരിമഠം കോളനി കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടന്നത്. സര്‍വ്വേയില്‍ സംശയാസ്പദമായ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. മൂന്നുയുവതികളായിരുന്നു സര്‍വ്വേയ്‌ക്കെത്തിയിരുന്നത്. തുടര്‍ന്ന് ഫോര്‍ട്ട് പോലീസെത്തി യുവതികളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

പാശ്ചാത്യ സാമ്പത്തിക, ബിസിനസ് രീതികളോടുള്ള നിലപാട്, അമേരിക്കയോടും ഇസ്രായേലിനോടുമുള്ള നിലപാട് എന്നിവ മുസ്‌ലിംകളോടു മാത്രമായുള്ള ചോദ്യങ്ങളാണ്. ശരീഅത്തിനെക്കുറിച്ച് എന്തു മനസ്സിലാക്കിയിരിക്കുന്നുവെന്നും ചോദിക്കുന്നുണ്ട്.

ഹിസ്ബുല്ലാ നേതാവ് ഹസന്‍ നസ്‌റുല്ല, അഹ്മദി നജാദ്, അയ്മന്‍ അല്‍സവാഹിരി, ഉസാമാ ബിന്‍ലാദിന്‍, അല്‍ഖാഇദ, ജമാഅത്തെ ഇസ്‌ലാമി, ലശ്കറെ ത്വയ്യിബ തുടങ്ങിയവയോട് നിലപാട് അന്വേഷിക്കുന്ന സര്‍വ്വെ മുസ്‌ലിം സ്ത്രീകളോട് തട്ടം, പര്‍ദ എന്നിവ ധരിക്കാറുണ്ടോ എന്നും സര്‍വ്വേ അന്വേിക്കുന്നുണ്ട്.