മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഡ്രീം പ്രോജക്ടായ ഹീറോയിന്‍ തുടങ്ങിയതുമുതല്‍ തടസ്സങ്ങളാണ്. ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്ന ഐശ്വര്യ പിന്‍വാങ്ങിയതോടെ പുതിയ നായികയെ കണ്ടെത്തുകയെന്നതായി അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. അവസാനം കരീനയെ നായികയായി തിരഞ്ഞെടുത്ത് ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ പുതിയ പ്രശ്‌നങ്ങളും ഹീറോയിനെ തേടിയെത്തിയിരിക്കുകയാണ്.

Subscribe Us:

ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. തിരക്കഥ സൂക്ഷിച്ചുവെച്ച തിരക്കഥാകൃത്ത് നിരഞ്ജന്‍ അയ്യങ്കാറിന്റെ ലാപ്‌ടോപ്പ് മോഷണം പോയെന്നതാണ് പുതിയ ന്യൂസ്. കരണ്‍ ജോഹറിന്റെ ഓഫീസിന് മുന്നില്‍ നിര്‍ത്തിയ കാറിലുണ്ടായിരുന്ന ലാപ്‌ടോപ്പ് ആരോ മോഷ്ടിക്കുകയായിരുന്നു.

കഹാര്‍ പോലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നം അതല്ല, ചിത്രത്തിന്റെ സംഭാഷണങ്ങളുള്‍പ്പെടെയാണ് മോഷണം പോയത്. അതിന്റെ മറ്റ് കോപ്പികള്‍ തന്റെ കൈവശമില്ലെന്നാണ് നിരഞ്ജന്‍ പറയുന്നത്. കുറച്ചുഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവ മുഴുവനും വീണ്ടും എഴുതേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹീറോയിന്‍ മനീഷാ കൊയ്‌രാളയുടെ ജീവിതകഥയാണെന്ന പ്രചരണം വിവാദമാകുകയാണ്. തന്റെ ചിത്രം ഏതെങ്കിലുമൊരു നായികയെ കേന്ദ്രീകരിച്ചുള്ളതല്ലെന്നാണ് മധുറിന്റെ മറുപടി.

ചിത്രത്തിലെ മഹി അറോറയെന്ന നിയകകഥാപാത്രം മനീഷാ കൊയ്‌രാളയുടെ തനിപ്പകര്‍പ്പാണെന്ന്  പുറത്തുപറഞ്ഞത് മധുറിന്റെ കൂട്ടുകാര്‍ തന്നെയാണ്. 90 കളില്‍ ബി ടൗണിനെ തന്റെ വശ്യസൗന്ദര്യത്തിലും അഭിനയത്തിലും വീഴ്ത്തിയ നേപ്പാളി സുന്ദരിയാണ് മനീഷ.

മദ്യപാനവും പുകവലിയും ലക്ഷ്യബോധമില്ലാത്ത ജീവിതവും കരിയറിനെ തകര്‍ത്തപ്പോള്‍ മനീഷയെ ബോളിവുഡ് തഴഞ്ഞു. മഹി അറോറയെ മധുര്‍ അവതരിപ്പിക്കുന്നത് ആ മാതൃകയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിനിമയ്ക്കകത്തം പുറത്തും മനീഷയെ തളര്‍ത്തിയ സൗഹൃദങ്ങളും, വഴിപിരിയലുകളും മധുര്‍ പകര്‍ത്തിയെഴുതിയാല്‍ ബോളിവുഡ് ഞെട്ടുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ വിവാദങ്ങളെ ചിരിച്ചുതള്ളുകയാണ് മധുര്‍.

Malayalam news

Kerala news in English