തലശ്ശേരി: തലശ്ശേരിയിലെ ഫസലിനെ കൊന്നത് തങ്ങള്‍ തന്നെയാണെന്ന ആര്‍.എസ്.സ് പ്രവര്‍ത്തകന്റെ മൊഴി പുറത്തുവന്നതോടെ നീതി നടപ്പിലാക്കണമെന്നാവശ്യവുമായി കാരായി രാജന്റെ മകള്‍ രംഗത്ത്. തന്റെ അച്ഛനെ സ്വതന്ത്രമാക്കണമെന്ന് മേഘ കാരായി തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കാരായി സഖാക്കളെ സ്വതന്ത്രരാക്കണമെന്നും മേഘ ആവശ്യപ്പെട്ടു.


Also Read: ‘സവര്‍ക്കര്‍ ദേശ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണം’; ഗാന്ധിയേയും നെഹ്‌റുവിനേക്കാളും പ്രാധാന്യം സവര്‍ക്കര്‍ക്ക്; രാജസ്ഥാനിലെ പാഠപുസ്തകങ്ങള്‍ വിവാദമാകുന്നു


നേരത്തെ, ഫസലിനെ കൊന്നത് താനുള്‍പ്പടെ നാലു പേര്‍ ചേര്‍ന്നാണെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്തു വന്നിരുന്നു. മാഹി ചെമ്പ്ര സ്വദേശി സുബീഷ് പൊലീസിന് നല്‍കിയ മൊഴിയാണ് പുറത്തു വന്നത്. താനും പ്രമേഷ്, പ്രതീഷ്, ഷിനോയ് എന്നിവരും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് സുബീഷ് പറയുന്നത്.

2016 ഡിസംബറില്‍ സുബീഷ് പൊലീസിനു നല്‍കിയ മൊഴിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വഴി പുറത്ത വന്നിരിക്കുന്നത്.
രാഷ്ട്രീയ വിദ്വേഷം മൂലമാണ് കൊലനടത്തിയെന്നും ആര്‍.എസ്.എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതും സി.പി.ഐ.എം പ്രവര്‍ത്തകന്‍ എന്‍.ഡി.എഫിലേക്ക് പോയതും കൊലയ്ക്ക് കാരണമായെന്നും സുബീഷിന്റെ മൊഴിയില്‍ പറയുന്നു.

ഫസലിന്റെ വീടിന്റെ സമീപത്ത് കാത്തിരിക്കുകയായിരുന്നെന്നും തുടര്‍ന്ന് രാത്രി 1 നും 2നും ഇടയിലായിരുന്നു കൃത്യം നടത്തിയതെന്നും സുബീഷ് പറയുന്നു.

2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസില്‍ പ്രതിചേര്‍ത്ത കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇപ്പോള്‍ എറണാകുളത്താണ് കഴിയുന്നത്.


Don’t Miss: യേശു ക്രിസ്തുവിനെ പിശാചെന്നു വിശേഷിപ്പിച്ച് ഗുജറാത്തി പാഠപുസ്തകം; വിവാദം ആളിക്കത്തുന്നു


നേരത്തെ ഫസലിന്റെ ബന്ധുക്കളും കൊലപാതകത്തിലെ സി.പി.ഐ.എം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന മെഴി തങ്ങള്‍ ആദ്യം മുതല്‍ പറയുന്ന കാര്യമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കൂടിയായ കാരായി രാജന്‍ പ്രതികരിച്ചു.