എഡിറ്റര്‍
എഡിറ്റര്‍
വിപ്ലവത്തില്‍ വിദേശ മാതൃക സ്വീകരിച്ചിട്ടില്ല; ബംഗാളില്‍ തെറ്റുതിരുത്തിവരുന്നു- കാരാട്ട്
എഡിറ്റര്‍
Wednesday 4th April 2012 12:39pm

കോഴിക്കോട്: ഇന്ത്യന്‍ വിപ്ലവ പാതയില്‍ സി.പി.ഐ.എം ഒരിക്കലും വിദേശ മാതൃകകള്‍ സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രത്യയശാസ്ത്ര പാതയിലൂടെയാണ് പാര്‍ട്ടി സഞ്ചരിച്ചതെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘടനാ ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അത് തിരുത്തുന്നതിന് പാര്‍ട്ടി നടപടി സ്വീകരിച്ചുവരികയാണ്. 2009ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയമുണ്ടായി. കേരളത്തില്‍ തിരിച്ചടി നേരിയ തോതിലായിരുന്നു.

എട്ടു വര്‍ഷം നീണ്ട യു.പി.എ ഭരണത്തില്‍ അഴിമതിയും പ്രകൃതി സമ്പത്തിന്റെ ചൂഷണവും വ്യാപകമായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണത്തിനിടയില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു. ദാരിദ്രരേഖ നിശ്ചയിക്കുന്നതിലുള്‍പ്പടെ കേന്ദസര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി കാരാട്ട് കുറ്റപ്പെടുത്തി. യു.പി.എയ്ക്കും എന്‍.ഡി.എയ്ക്കും ബദലായി ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും കാരാട്ട് പറഞ്ഞു.

രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ഗുജറാത്തിലെയും കര്‍ണാടകയിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ വന്‍കിട ബിസിനസ്സുകാരുടെ ഏജന്റുമാരായി എങ്ങനെ പ്രവര്‍ത്തിക്കാമെന്നാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ ആവശ്യമാണെന്നും എന്നാല്‍ അതുമാത്രം പോരെന്നും കാരാട്ട് പറഞ്ഞു.

സുര്‍ജിത്‌ജ്യോതിബസു നഗറില്‍ മുതിര്‍ന്ന നേതാവ് ആര്‍. ഉമാനാഥ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി ഇടതു ജനാധിപത്യ ബദല്‍ രൂപപ്പെടുത്തും. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തും, മതേതര സംരക്ഷണത്തിനും നില കൊള്ളുന്ന ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും കാരാട്ട് ആഹ്വാനം ചെയ്തു. ബഹുജന സമരങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി കൂടുതല്‍ പ്രവര്‍ത്തിക്കും. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇന്ത്യയില്‍ പ്രസക്തി നഷ്ടപ്പെട്ടു വരികയാണ്. ഈ അവസരത്തിലാണ് ഇടതുജനാധിപത്യ ബദല്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ ദേശീയ നേതാവ് എ.ബി. ബര്‍ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്. രാമചന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയിലുള്ള പ്രസീഡിയമാണ് പ്രതിനിധി സമ്മേളനം നിയന്ത്രിക്കുക.

743 പ്രതിനിധികള്‍, 70 നിരീക്ഷകര്‍, 11 തലമുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ആദ്യാവസാനക്കാരായി പങ്കെടുക്കുക. ഇന്നലെ വൈകുന്നേരം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ പതാകഉയര്‍ത്തിയതോടെയാണ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് ഔപചാരിക തുടക്കമായത്. തുടര്‍ന്നു ടാഗോര്‍ ഹാളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദീപശിഖ സ്ഥാപിച്ചു.

 

Malayalam News

Kerala News in English

Advertisement