ന്യൂദല്‍ഹി: കേരളത്തിലെ ഇടതു പ്രചാരണം വി.എസ് നയിക്കുമെന്നും എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മുഖ്യമന്ത്രിയെ നേരത്തെ തീരുമാനിക്കുന്ന രീതി സി.പി.ഐ.എമ്മിനില്ല. ദല്‍ഹി പ്രസ് ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവയ്‌ലബിള്‍ പി.ബിക്ക് സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്ന് ഒരു ചാനലുമായി സംസാരിക്കവെ കാരാട്ട് പറഞ്ഞു. വി.എസിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചത് സംസ്ഥാന സമിതിയാണ്. പ്രകടനങ്ങള്‍ കണ്ട് പാര്‍ട്ടി തീരുമാനങ്ങള്‍ തിരുത്തില്ല. പാര്‍ട്ടിയില്‍ വിരമിക്കല്‍ പ്രായം വേണമെന്ന അഭിപ്രായം ചര്‍ച്ച ചെയ്യും.

വി.എസ് അടക്കമുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം എടുക്കാന്‍ സംസ്ഥാന ഘടകത്തെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന യോഗത്തില്‍ ഒരുകാര്യവും റിപ്പോര്‍ട്ടു ചെയ്യാന്‍ പി.ബി. തന്നെ ചുമതലപ്പെടുത്തിയിരുന്നില്ല. 2006 ലേതിന് സമാനമായ നാടകീയ സംഭവങ്ങള്‍ ഒഴിവാക്കാനാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പി.ബി ഇടപെട്ടിട്ടില്ല.

തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതാണ് പാര്‍ട്ടി നല്‍കുന്ന പരിഗണന എന്ന ധാരണയുണ്ടെങ്കില്‍ അത് നിരുത്സാഹപ്പെടുത്തണമെന്ന് സിന്ധു ജോയിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫ് വന്‍ വിജയം നേടും. ഓരോ അഞ്ചുവര്‍ഷവും ഭരണമാറ്റം എന്ന സ്ഥിതിയ്ക്ക് ഇത്തവണ മാറ്റംവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.