കൊല്‍ക്കത്ത: ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡീസല്‍ വിലയില്‍ വരുത്തിയ വര്‍ധനയോട് യാതൊരു തരത്തിലും യോജിക്കാനാവില്ല. സാധാരണ ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Ads By Google

ഡീസല്‍ വില വര്‍ധിപ്പിച്ചതും സബ്‌സിഡിയോടുകൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്താനുമുള്ള തീരുമാനത്തെ പൂര്‍ണമായും സി.പി.ഐ.എം എതിര്‍ക്കുകയാണെന്നും കാരാട്ട് വ്യക്തമാക്കി.

പ്രതിഷേധത്തെക്കുറിച്ച് ഇടതുപാര്‍ട്ടികളുമായും സമാനചിന്താഗതിയുള്ള മറ്റ് പാര്‍ട്ടികളുമായും കൂടിയാലോചിക്കുമെന്നും കാരാട്ട് പറഞ്ഞു.

ഡീസലിന് ലിറ്ററിന് അഞ്ചുരൂപയും പാചകവാതക സിലിണ്ടറിന് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ ആറ് എന്ന തോതിലുമാണ് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആറില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാല്‍ സബ്‌സിഡി ലഭിക്കില്ല.