ന്യൂദല്‍ഹി: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായി ദല്‍ഹിയില്‍ പ്രകടനം നടത്തിയ നേതാക്കളെ അറസ്റ്റുചെയ്തു. ഇന്ന് രാവിലെ ദല്‍ഹി ഗേറ്റില്‍ നിന്ന് കേന്ദ്രീകൃത പ്രകടനമായെത്തിയ നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി ബി അംഗം സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് എ ബി ബര്‍ദന്‍, ഡി.രാജ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

സി.പി.ഐ.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ നടന്ന ജനകീയ സദസ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ധനവില പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഓരോ തവണ വില കൂട്ടുമ്പോഴും നികുതിയിനത്തില്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുന്നത്.

ഒന്നോരണ്ടോ രൂപ കുറച്ച് ജനരോഷത്തെ തണുപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ല. വര്‍ധിപ്പിച്ച വില പൂര്‍ണ്ണമായും പിന്‍വലിക്കണം. ഓയില്‍ കമ്പനികള്‍ കാണിക്കുന്ന കണക്കുകള്‍ തെറ്റാണ്.

വര്‍ധിപ്പിച്ച ഇന്ധന വില പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാറിനെ പിന്‍വലിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ധന വില വര്‍ധിപ്പിച്ചതോടൊപ്പം പൊതുവിതരണ സംവിധാനം തകര്‍ത്ത സര്‍ക്കാര്‍ പൂര്‍ണ്ണമായും ജനവിരുദ്ധ നടപടികളുമായാണ് മുന്നോട്ടുപോകുന്നതെന്ന് എ.ബി ബര്‍ദന്‍ അഭിപ്രായപ്പെട്ടു.