ബംഗളുരു: കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ കനത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഈ മാസം 12നകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നാല് വിമത മന്ത്രിമാരെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നുവെന്ന് കാണിച്ച് 20 വിമത എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

മന്ത്രിമാരായ വെങ്കിട്ട രാമനപ്പ, ശിവരാജ് തങ്കടകി, ജി. സുധാകര്‍, നരേന്ദ്രസ്വാമി എന്നിവരെ ഒഴിവാക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. മന്ത്രിസഭാ പുനസംഘടനക്ക് അനുമതി തേടി മുഖ്യമന്ത്രി ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന് കത്തു നല്‍കിയിട്ടുണ്ട്.

അതേസമയം, മന്ത്രി നരേന്ദ്ര സ്വാമിയും 20 വിമത ബി.ജെ.പി എം.എല്‍.എമാരും യെദിയൂരപ്പ ഗവണ്‍മെന്റിന് പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്തുനല്‍കി. ഇതോടെ 224 അംഗ കര്‍ണാടക നിയമസഭയില്‍ ഗവണ്‍മെന്റ് ന്യൂനപക്ഷമായിരിക്കുകയാണ്. എന്നാല്‍ ആവശ്യമായി വന്നാല്‍ നിയമസഭയില്‍ തന്റെ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.

മൂന്നാഴ്ച മുമ്പ് നടന്ന പുനഃസംഘടനയില്‍ മൂന്ന് മന്ത്രിമാരെ ഒഴിവാക്കി ആറുപേരെ പുതുതായി ഉള്‍പ്പെടുത്തിരുന്നു. ഇതില്‍പെട്ട മന്ത്രിയാണ് നരേന്ദ്ര സ്വാമി. ജനതാദള്‍ യുവിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കര്‍ണാടകയില്‍ ബി.ജെ.പി ഗവണ്‍മെന്റ് രൂപീകരിച്ചത്. വിമതരുടെ പുതിയ നീക്കത്തോടെ കോണ്‍ഗ്രസ്ജനതാദള്‍ എസ് പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ച അവസ്ഥയാണ്.