ന്യൂദല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യദ്യൂരപ്പ തുടരുമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. ഭൂമി കുംഭകോണം കമ്മീഷന്‍ അന്വേഷിക്കാനും തീരുമാനിച്ചു.ബി.ജെ.പി വക്താവ് പ്രകാശ് ജാവേദ്ക്കറാണ് ഇക്കാര്യം അറിയിച്ചത്.

കര്‍ണാടകയില്‍ കുറച്ചുനാളായി രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. മുഖ്യമന്ത്രി യദ്യൂരപ്പയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് രാഷ്ട്രീയ പ്രതിസന്ധിക്കു കാരണമായത്. ആരോപണങ്ങളെക്കുറിച്ച യദ്യൂരപ്പ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. കര്‍ണാടക മുഖ്യമന്ത്രിയായി യദ്യൂരപ്പയെ തുടരാനനുവദിക്കാനാണ് യോഗ തീരുമാനം. പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് യദ്യൂരപ്പയും ബി.ജെ.പി നേതാക്കളും ഇന്നലെ രാത്രി ചര്‍ച്ച നടത്തിയിരുന്നു. കര്‍ണാടക എം.പി മാരും ദേശീയ നേതാക്കളും ഉള്‍പ്പെട്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് യദ്യൂരപ്പയെ തുടരാനനുവദിക്കാന്‍ തീരുമാനമായത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ തീരുമാനം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യദ്യൂരപ്പ ഉള്‍പ്പെടുന്ന ലിംഗായത്ത് സമുദായത്തിന് നല്ല സ്വാധിനമുണ്ട്. യദ്യൂരപ്പയുടെ ഭാവി പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബി.ജെ.പി യുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയിരിക്കും.