കറാച്ചി:പാക്കിസ്താന്റെ സാമ്പത്തിക തലസാഥാനമായ കറാച്ചിയില്‍ നാല് ദിവസമായി തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. നാലു ദിവസം മുന്‍പ് തുടങ്ങിയ രാഷ്ട്രീയ, വംശീയ സംഘട്ടനങ്ങളും വെടിവയ്പുകളും കറാച്ചിയില്‍ തുടരുകയാണ്. റോക്കറ്റുകളും ഗ്രനേഡുകളും വെടിയുണ്ടകളും ഭയന്നു ജനങ്ങള്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങുന്നതേയില്ല. ഒട്ടേറെ വാഹനങ്ങള്‍ റോഡുകളില്‍ കത്തിയമര്‍ന്നു കിടക്കുകയാണ്.

Subscribe Us:

കുഴപ്പക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. കലാപം അമര്‍ച്ച ചെയ്യാനായി പോലീസിനും അര്‍ധസൈനിക വിഭാഗത്തിനും പുറമേ ആയിരം ഭടന്മാരെക്കൂടി നിയോഗിച്ചതായി ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് കഴിഞ്ഞ ദിവസം അറിയിച്ചു.

കലാപത്തില്‍ ഒട്ടേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍അനവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഉര്‍ദു സംസാരിക്കുന്ന വിഭാഗക്കാര്‍ക്കു മുന്‍തൂക്കമുള്ള എം.ക്യു.എം പാര്‍ട്ടിക്കാരും എതിരാളികളായ പഷ്തൂണ്‍ വിഭാഗക്കാരുടെ അവാമി നാഷണല്‍ പാര്‍ട്ടിക്കാരും തമ്മിലാണു സംഘട്ടനം നടക്കുന്നത്.

മുഹാജിറുകളുടെ കക്ഷിയായ എം.ക്യു.എം ഈയിടെ പാക്ക് ഭരണസഖ്യം വിട്ടതിനെ തുടര്‍ന്നു പഷ്തൂണ്‍ വര്‍ഗക്കാരുടെ കക്ഷിയായ അവാമി നാഷനല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയതോടെയാണു പുതിയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങള്‍ തേടി പരക്കം പായുകയാണ്. കടകളും ഇതര സ്ഥാപനങ്ങളും അടച്ചു.