കറാച്ചി: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ കറാച്ചിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 14 മരണം. 40ലധികം പേര്‍ക്ക് പരിക്കേറ്റു. പ്രവിശ്യ അസംബ്ലി സീറ്റായ പി.എസ്-94ലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കലാപം ഉടലെടുത്തത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നുവെന്ന് ആരോപിച്ച് അവാമി നാഷണല്‍ പാര്‍ട്ടി ബഹിഷ്‌കരണം പ്രഖ്യാപിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നും അവാമി ലീഗ് ആരോപിക്കുന്നു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. അക്രമികള്‍ നിരവധി കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. പി.എസ്-94 അസംബ്ലി സീറ്റില്‍ നിന്നു ജയിച്ച എം.ക്യു.എം നേതാവ് ഹൈദര്‍ റേസ രണ്ടു മാസം മുമ്പ് വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സുരക്ഷാ സേന ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.