ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകലിലെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് പരിശോധിക്കണമെന്ന കേന്ദ്രമന്ത്രി കപില്‍സിബലിന്റെ നിര്‍ദേശത്തിനെതിരെ ഇന്റര്‍നെറ്റ്  ഉപഭോക്താക്കളുടെ പ്രതിഷേധം. ഇതിനെതിരെയുള്ള ഉപഭോക്താക്കളുടെ രോഷമാണ് ഇന്നത്തെ ടോപ് ട്വിറ്റര്‍ ട്രെന്റ്. ബ്ലോഗര്‍മാരും, ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളും സര്‍ക്കാര്‍ നീക്കത്തിനെതിരെ സോഷ്യല്‍സൈറ്റുകളിലൂടെ ശക്തമായി പ്രതിഷേധിക്കുകയാണ്.

രാഷ്ട്രീയ നേതാക്കള്‍ക്കും മതങ്ങള്‍ക്കും  എതിരെയുള്ള അപകീര്‍ത്തികരമായ ഉള്ളടക്കം പിന്‍വലിക്കണമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളോട് ഇന്ത്യ ആവശ്യപ്പെട്ടതാണ് നെറ്റ് ഉപഭോക്താക്കളെ പ്രകോപിതരാക്കിയത്. ഫേയ്‌സ്ബുക്ക്, ഗൂഗിള്‍, യൂ ട്യൂബ്, യാഹൂ എന്നീ കമ്പനികളോടാണ് വാര്‍ത്താവിനിമയവകുപ്പ് മന്ത്രി കപില്‍ സിബല്‍ ഈ ആവശ്യമുന്നയിച്ചത്. സൈറ്റുകളില്‍ എന്താണ് നടക്കുന്നതെന്ന കാര്യം അധികൃതര്‍ വിശദമായി പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Subscribe Us:

ഫേയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെയും സോണിയാഗാന്ധിയുടെയും വികൃതചിത്രങ്ങളും സിബല്‍ ഇന്റര്‍നെറ്റ് കമ്പനി മേധാവികളെ കാണിച്ചിരുന്നു. ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലാണ് എന്നതിനാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കമ്പനി അധികൃതര്‍ മന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. ഇന്ത്യയില്‍ 100 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളും 28 മില്യണ്‍ ഫേസ്ബുക്ക് അക്കൗണ്ടുകളുമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ ശക്തമായ നടപടികളെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനെതിരെ ഇന്റര്‍നെറ്റില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സിബല്‍ ഈ വാര്‍ത്ത നിഷേധിച്ചു. ഓണ്‍ലൈന്‍ ഉള്ളടക്കം സെന്‍സര്‍ ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിബല്‍ പറയുന്നത്. സ്വതന്ത്രമായി സംസാരിക്കുന്നവരുടെ വായ പൊത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. മതപരമായ വികാരങ്ങളെ ആളിക്കത്തിക്കുന്ന ഉള്ളടക്കങ്ങള്‍ വിലക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും സിബല്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക്, തുടങ്ങിയ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam news

Kerala news in english