ന്യൂദല്‍ഹി: കേന്ദ്രമന്ത്രി കബില്‍ സിബലിന് ടെലകോം വകുപ്പിന്റെ ചുമതല നല്‍കി. 2G സ്‌പെക്ട്രം അഴിമതിയെത്തുടര്‍ന്ന് എ രാജ രാജിവച്ച ഒഴിവിലാണ് കബില്‍ സിബലിന്റെ നിയമനം. നിലവില്‍ മാനവവിഭവശേഷി വകുപ്പു മന്ത്രിയാണ് കബില്‍ സിബല്‍. പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതല നാരായണസ്വാമിക്ക് നല്‍കിയിട്ടുണ്ട്.

2G സ്‌പെക്ട്രം അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് എ രാജ രാജിവെച്ചത്. രണ്ടുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചക്ക് ഒടുവിലാണ് രാജയുടെ രാജിയുണ്ടായത്. രാജ രാജിവയ്‌ക്കേണ്ടെന്ന നിലപാടിലായിരുന്നു ഡി എം കെ. എന്നാല്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമാക്കാനായി രാജയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതിനിടെ രാജ രാജിസമര്‍പ്പിച്ചിട്ടും പ്രശ്‌നങ്ങളൊന്നും അടങ്ങുന്നിന്നില്ലെന്നാണ് സൂചന. വിഷയത്തില്‍ പാര്‍ലമെന്ററി സംയുക്തസമിതി അന്വേഷണം നടത്തണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത്. എന്നാല്‍ സംയുക്ത സമിതിയുടെ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് പി ചിദംബരവും പ്രണാബ് മുഖര്‍ജിയും.