എഡിറ്റര്‍
എഡിറ്റര്‍
ഉന്മുക്ത് ചന്ദിന് പിന്തുണയുമായി കപില്‍ സിബല്‍
എഡിറ്റര്‍
Friday 31st August 2012 1:55pm

ന്യൂദല്‍ഹി: അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന്  കോളേജില്‍ മിനിമം ഹാജര്‍ ഇല്ലാത്തതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച നടപടി പുന:പരിശോധിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍. ഇത് സംബന്ധിച്ച് ദല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായി സംസാരിച്ചിട്ടുണ്ടെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

Ads By Google

ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയാണ് ഉന്മുക്ത് ചന്ദ്. ക്രിക്കറ്റ് കളിക്കായി മാറി നില്‍ക്കേണ്ടി വന്നതിനാല്‍ ഉന്‍മുക്തിന് മിനിമം ഹാജര്‍ ഉണ്ടായിരുന്നില്ല. ലോകചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ഉന്മുക്ത് ചന്ദിന്റെ ഹാജര്‍ കാര്യം പ്രത്യേക കേസായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി പ്രിന്‍സിപ്പല്‍ വത്സന്‍ തസു അറിയിച്ചു.

ഉന്മുക്ത് ചന്ദ് പരീക്ഷ എഴുതാന്‍ അനുമതി അഭ്യര്‍ത്ഥിച്ച് വൈസ് ചാന്‍സലര്‍ക്ക് നേരത്തെ കത്തയച്ചിരുന്നു. എന്നാലിത് പരിഗണിച്ചില്ലെന്നും സിബല്‍ പറഞ്ഞു.

ഉന്മുക്ത് ചന്ദിന് പരീക്ഷയെഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും കായികമന്ത്രി അജയ് മാക്കനും നേരത്തെ രംഗത്തെത്തിയിരുന്നു.

ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ചട്ടപ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് 33.3% ഹാജരെങ്കിലുമുണ്ടെങ്കിലേ പരീക്ഷയെഴുതാന്‍ അനുമതി നല്‍കൂ. എന്നാല്‍ ഉന്മുക്തിന് ഇതിലും കുറഞ്ഞ ഹാജര്‍ നിലയാണുള്ളത്.

അതിനിടെ പരീക്ഷയെഴുതാന്‍ അനുമതി നല്‍കാത്ത കോളേജിനെതിരെ പരാതിയില്ലെന്ന് ഉന്മുക്ത് പറഞ്ഞു. തനിക്ക് ഏറെ സഹായങ്ങള്‍ കോളേജ് അധികൃതര്‍ ചെയ്ത് തന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement