എഡിറ്റര്‍
എഡിറ്റര്‍
എല്ലാ താരങ്ങളും ബി.സി.സി.ഐ യോട് ഉത്തരം പറയേണ്ടവരല്ല: കപില്‍
എഡിറ്റര്‍
Wednesday 30th May 2012 10:05am

ബംഗലൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുഴുവന്‍ കളിക്കാരെയും ചോദ്യം ചെയ്യാനുള്ള അധികാരം ബി.സി.സി.ഐയ്ക്ക് ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവില്‍ കളിക്കുന്നവരെയും ബി.സി.സി.ഐയുമായി കോണ്‍ട്രോക്ട് ഉള്ളവരെയും അവര്‍ക്ക് ചോദ്യം ചെയ്യാം അല്ലാതെ മറ്റുള്ളവരെ ചോദ്യം ചെയ്യാനുള്ള അധികാരം ബി.സി.സി.ഐ ക്ക് ഇല്ല. കപില്‍ വ്യക്തമാക്കി.

മുന്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ കൊടുത്തുവന്നിരുന്ന പേയ്‌മെന്റ് കപില്‍ദേവിനും അസ്ഹറുദ്ദീനും ബി.സി.സി.ഐ നിഷേധിച്ചതായി കപില്‍ കഴിഞ്ഞ ദിവസം പരാതി പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ കൊടുക്കുന്ന തുക കപില്‍ ദേവ് നിരസിച്ചെന്നും അദ്ദേഹം അത് കൈപ്പറ്റാന്‍ കൂട്ടാക്കിയില്ലെന്നുമാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ വിമത ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനൊപ്പം പ്രവര്‍ത്തിച്ചതാണ് കപില്‍ ദേവിനെ ഒഴിവാക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനെതിരെയുള്ള പ്രതികരണമെന്നോണമാണ് കപില്‍ ബി.സി.സി.ഐയ്ക്ക് എതിരെ തിരിഞ്ഞത്.

ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ തന്റെ സ്ഥാനത്തെ കുറിച്ചും കപില്‍ വ്യക്തമാക്കി. ‘ക്രിക്കറ്റിനെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഞാന്‍ ഐ.സി.എല്ലിനെ പ്രമോട്ട് ചെയ്യുന്നത്. ആരെങ്കിലും എന്നെ ഒരു ജോലി ഏല്‍പ്പിച്ചാല്‍ അത് ചെയ്തുകൊടുക്കുന്നതില്‍ എനിയ്ക്ക് സന്തോഷം മാത്രമേയുള്ളു. പ്രത്യേകിച്ചും പ്രമോഷന്‍ പരിപാടികള്‍ക്ക്.

ഞാന്‍ മറ്റൊരു സ്ഥാപനത്തിന്റേയും ഭാഗമല്ലാത്തിടത്തോളം കാലം എനിയ്ക്ക് ആര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാം.  ഞാന്‍ പലരേയും വേദനിപ്പിക്കുന്നുവെന്നാണ് എനിയ്‌ക്കെതിരെ വരുന്ന ആരോപണം. ഞാന്‍ അറിഞ്ഞുകൊണ്ട് ആരേയും വിഷമിപ്പിക്കാറില്ല. പാര്‍ലമെന്റ് അംഗമായതിന്റെ പേരില്‍ അസ്ഹറുദ്ദീനും പെന്‍ഷന്‍ അനുവദിക്കുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍ എല്ലാവരും. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും ക്രിക്കററിന് വേണ്ടി തന്നെ’- കപില്‍ വ്യക്തമാക്കി.

Advertisement