എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ ആലോചിക്കാന്‍ സമയമായി: കപില്‍ ദേവ്
എഡിറ്റര്‍
Wednesday 28th November 2012 10:10am

ന്യൂദല്‍ഹി: തുടര്‍ച്ചയായി മോശം ഫോം തുടരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരണോ എന്ന കാര്യം തീരുമാനിക്കാന്‍ സമയമായെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.

തന്റെ ഭാവിയെകുറിച്ച് സച്ചിന്‍ സിലക്ടര്‍മാരോട് സംസാരിച്ച് തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും കപില്‍ ദേവ് പറഞ്ഞു.

Ads By Google

ടീമിലെ പലരും ഫോമിലല്ല. ഫോമിലല്ലാത്തവരെ ടീമില്‍ ഉള്‍പ്പെടുത്തി മുന്നോട്ട് പോകുന്നത് ദോഷം ചെയ്യുമെന്നും കപില്‍ പറഞ്ഞു. മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ സമാന അഭിപ്രായ പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് കപിലും രംഗത്തുവന്നത്.

നാലുദിവസംകൊണ്ട് ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റ് തോല്‍വി സമ്മതിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സമൂല അഴിച്ച് പണിക്ക് സമയമായെന്നും കപില്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചു.

സച്ചിന്‍ യഥാര്‍ഥത്തില്‍ ഒരു ഹീറോയാണ്. അങ്ങനെയൊരാളെ കുറ്റാരോപിതനെപ്പോലെ വിരല്‍ ചൂണ്ടി നിര്‍ത്തുന്നത് ശരിയല്ല. സച്ചിന്‍ സിലക്ടര്‍മാരോട് തുറന്ന് സംസാരിക്കട്ടെ.

ഫോമില്ലായ്മയുടെ പേര് പറഞ്ഞ് സച്ചിന്‍ ടീമിനോട് വിടപറയുന്ന നിമിഷം ആരും ആഗ്രഹിക്കില്ല. അദ്ദേഹം തന്നെ സ്വയം തീരുമാനിച്ച് ടീമില്‍ നിന്നും പടിയിറങ്ങണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹം ഉടന്‍ തന്നെ സിലക്ടര്‍മാരെ സമീപിക്കണം- കപില്‍ പറഞ്ഞു.

Advertisement