ന്യൂദല്‍ഹി: അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ശകാരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതിനാണ് കപില്‍ ഉന്മുക്തിനെ ശകാരിച്ചത്.

ഇന്ത്യ ടുഡേയുടെ യൂത്ത് സമ്മിറ്റ് പ്രോഗാമില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഉന്മുക്ത്. അതേ പരിപാടിയില്‍ എത്തിയതായിരുന്നു കപില്‍ ദേവും. ഉന്മുക്തിനെ ചടങ്ങില്‍ കണ്ടയുടന്‍ ബാംഗ്ലൂരില്‍ നടക്കുന്ന ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാതെ ഇവിടെ വന്ന് ഇരിക്കുന്നത് എന്തിനാണെന്നായിരുന്നു കപിലിന്റെ ചോദ്യം.

Ads By Google

‘ഞാനായിരുന്നു ഉന്മുക്തിന്റെ കോച്ചെങ്കില്‍ അയാളെ പരിപാടിയില്‍ പങ്കെടുക്കാനായി വിടില്ലായിരുന്നു. ഉന്മുക്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എനിയ്ക്ക് എത്ര പണം തരാമെന്ന് പറഞ്ഞാല്‍ പോലും ഞാന്‍ വരില്ലായിരുന്നു.

പ്രാക്ടീസ് സെഷനുകളില്‍ പങ്കെടുക്കാതെ ഇപ്പോള്‍ പരിപാടികളൊന്നും ഏല്‍ക്കരുത്. വലിയൊരു ലക്ഷ്യം മുന്നിലുണ്ട്. ആ ലക്ഷ്യം നേടാനായിരിക്കണം ഇനിയുള്ള ശ്രമം.

ഇപ്പോള്‍ മികച്ച രീതിയില്‍ പ്രാക്ടീസ് ചെയ്താല്‍ അടുത്ത 20 വര്‍ഷത്തേക്ക് ഇന്ത്യയിലെ മികച്ച താരം താങ്കളായിരിക്കും. അസാധാരണമായ രീതിയില്‍ കളിക്കാന്‍ കഴിവുള്ള താരമാണ് നിങ്ങള്‍. കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്’- കപില്‍ പറഞ്ഞു.

വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കപില്‍ ഉന്മുക്തിനെ ശകാരിച്ചത്. എന്നാല്‍ പരിപാടി നടത്തുന്ന അവതാരിക കപിലിനെപ്പോലൊരു കോച്ചിനെ ഉന്മുക്തിന് ലഭിക്കേണ്ടിയിരുന്നെന്നും ഉന്മുക്തിന്റെ കോച്ചല്ലാതിരുന്നിട്ടുകൂടി കപില്‍ ദേവ് ഉന്മുക്തില്‍ കാണിക്കുന്ന താത്പര്യം പ്രശംസനീയമാണെന്നും പറഞ്ഞു.