എഡിറ്റര്‍
എഡിറ്റര്‍
ദ്രാവിഡിന്റേയും ലക്ഷമണിന്റേയും അഭാവം ടീമിനെ ബാധിച്ചില്ല: കപില്‍ ദേവ്
എഡിറ്റര്‍
Monday 19th November 2012 10:47am

ഗുവാഹത്തി: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റേയും വി.വി.എസ് ലക്ഷ്ണണിന്റേയും അഭാവം ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് മത്സരങ്ങളെ ബാധിച്ചതായി തോന്നുന്നില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.

നിലവിലെ ടീം ശക്തരാണ്. സുനില്‍ ഗവാസ്‌ക്കര്‍ ടീമില്‍ നിന്നും വിരമിച്ചപ്പോള്‍ ടീമിന് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞിരുന്നെന്നും എന്നാല്‍ അദ്ദേഹം പോയപ്പോള്‍ അതിന് പകരമായി പുതിയ തലമുറ വന്നെന്നും കപില്‍ ഓര്‍മ്മപ്പെടുത്തി.

Ads By Google

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്തുണ നല്‍കാനും കപില്‍ തയ്യാറായി. സച്ചിന്‍ ഇപ്പോഴും മികച്ച ഫോമില്‍ തന്നെയാണെന്നും സച്ചിന് രാജ്യാന്തര ക്രിക്കറ്റില്‍ 30 വര്‍ഷം തികയ്ക്കാന്‍ കഴിയട്ടെയെന്നും കപില്‍ പറഞ്ഞു.

‘സച്ചിന്‍ 23 വര്‍ഷം പിന്നിട്ടു എന്നത് തന്നെ വലിയ കാര്യമാണ്. അദ്ദേഹം ഇനിയും ഏറെ കാലം ക്രിക്കറ്റില്‍ ഉണ്ടാകട്ടെയെന്ന് ഞാന്‍ ആശംസിക്കുകയാണ്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്’-കപില്‍ പറഞ്ഞു.

വിരാട് കോഹ്‌ലിയും പുജാരയും മികച്ച കളിക്കാരാണ്. നല്ല രീതിയില്‍ ടെസ്റ്റിലും ഏകദിനത്തിലും തിളങ്ങാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും കപില്‍ വ്യക്തമാക്കി.

ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭാരത രത്‌ന നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കപിലിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ഭാരത രത്‌ന ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല. ഏതെങ്കിലും ക്രിക്കറ്റ് താരം അത്തരമൊരു അവാര്‍ഡിന് അര്‍ഹനായി എന്ന് അറിയുന്നത് തന്നെ ഏറെ സന്തോഷമാണ്. സച്ചിന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നത് തന്നെ ഞങ്ങളെ എല്ലാവരേയും സംബന്ധിച്ച് അഭിമാനകരമായ കാര്യമായിരുന്നു.- കപില്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ഇരു രാജ്യത്തേയും സൗഹൃദം ഊട്ടിയുറപ്പിക്കുമെന്നും  അത് നല്ല കാര്യമാണെന്നും കപില്‍ വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ക്രിക്കറ്റ് ഒരു ഇടനിലക്കാരനാകുന്നതില്‍ സന്തോഷമേയുള്ളൂ. മറ്റ് കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് ഭരണകൂടവും രാഷ്ട്രീയ നേതാക്കളുമാണ്- കപില്‍ പറഞ്ഞു.

ഹിന്ദി കമന്റേറ്ററായി സേവനമനുഷ്ഠിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ 70ശതമാനം പേരും ഹിന്ദി ഭാഷ അറിയുന്നവരാണെന്നും അവരിലേക്ക് തന്റെ ശബ്ദം എത്തുമെന്നറിയുന്നത് സന്തോഷമാണെന്നും കപില്‍ പറഞ്ഞു.

Advertisement