ന്യൂദല്‍ഹി: സച്ചിന്റെ നൂറാം സെഞ്ചുറിക്ക് അമിതപ്രധാന്യം നല്‍കുന്ന മാദ്ധ്യമ പ്രവണതക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വിമര്‍ശനം. സച്ചിന്റെ നൂറാം സെഞ്ചുറിയിലല്ല മറിച്ച് ടീമിന്റെ പ്രകടനങ്ങളിലായിരിക്കണം മാദ്ധ്യമങ്ങളുടെ ശ്രദ്ധ വേണ്ടതെന്ന് കപില്‍ അഭിപ്രായപ്പെട്ടു. മുംബൈയില്‍ ദിലീപ് സര്‍ദേശായ് അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കപില്‍.

‘സച്ചിന്‍ 99 സെഞ്ചുറികള്‍ നേടിയിട്ടുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സച്ചിന്‍ സെഞ്ചുറികള്‍ നേടിയ മാച്ചുകളില്‍ 60 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യ വിജയിച്ചതെന്ന് കാര്യം അറിയാവുന്നവര്‍ വിരളമായിരിക്കും. രാജ്യം തോല്‍ക്കുകയാണെങ്കില്‍ കണക്കുകള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല. അത് കൊണ്ട് വ്യക്തിക്കല്ല രാജ്യത്തിന്റെ പ്രകടനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് കപില്‍ അഭിപ്രായപ്പെട്ടു.

അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യാടനത്തിനിടെ മാദ്ധ്യമങ്ങള്‍ സച്ചിന്റെ നൂറാം സെഞ്ചുറിക്ക്് വന്‍ വാര്‍ത്താ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍ വച്ച് നേട്ടം കൈവരിക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല പര്യാടനത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടില്‍ നിന്ന് നാണം കെട്ട തോല്‍വിയും ഇന്ത്യക്ക് ഏറ്റ് വാങ്ങേണ്ടി വന്നു. ടെസ്റ്റ് പരമ്പര 4-0ന് അടിയറവെച്ച ഇന്ത്യ ഏകദിന പരമ്പര 3-0ത്തിനും തോറ്റിരുന്നു. കനത്ത തോല്‍വി ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ റാങ്കിംഗ് താഴാനും കാരണമായിരുന്നു.