എഡിറ്റര്‍
എഡിറ്റര്‍
കപില്‍ ദേവിനും അസഹ്‌റുദ്ദീനും ബി.സി.സി.ഐ പെന്‍ഷന്‍ നിഷേധിച്ചതായി പരാതി
എഡിറ്റര്‍
Wednesday 23rd May 2012 2:41pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍മാരായ കപില്‍ ദേവിനും മുഹമ്മദ് അസഹ്‌റുദ്ദീനും ബി.സി.സി.ഐ പെന്‍ഷന്‍ നിഷേധിച്ചതായി പരാതി. മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബി.സി.സി.ഐ പെന്‍ഷന്‍ ഇനത്തില്‍ ഒരു തുക കൊടുത്തുവരുന്നതാണ്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി തങ്ങള്‍ക്ക് ആ പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

1983 ലെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തത് കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി 99 ടെസ്റ്റുകളാണ് കളിച്ചിരുന്നത്. ഇന്ത്യന്‍ ടീമിന്  വിജയങ്ങള്‍ മാത്രം സമ്മാനിക്കാന്‍ കഴിഞ്ഞ താരമാണ് അസ്ഹറുദ്ദീന്‍.

എന്നാല്‍ തങ്ങള്‍ കൊടുക്കുന്ന തുക കപില്‍ ദേവ് നിരസിച്ചെന്നും അദ്ദേഹം അത് കൈപ്പറ്റാന്‍ കൂട്ടാക്കിയില്ലെന്നുമാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ വിമത ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനൊപ്പം പ്രവര്‍ത്തിച്ചതാണ് കപില്‍ ദേവിനെ ഒഴിവാക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

പാര്‍ലമെന്റ് അംഗമായ അസ്ഹറുദ്ദീന്‍ 2000ത്തിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍  നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരും പെന്‍ഷന്‍ കൊടുക്കേണ്ടവരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതാണെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

160 താരങ്ങള്‍ക്കാണ് നിലവില്‍ ബി.സി.സി.ഐ പെന്‍ഷന്‍ നല്‍കുന്നത്. മുന്‍താരങ്ങള്‍ 100 ടെസ്റ്റ് മാച്ചുകള്‍ കളിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 1.5 കോടി രൂപയാണ് പെന്‍ഷന്‍ വകയില്‍ ലഭിക്കുക. 75 ന്റെയും 99 ന്റെയും ഇടയില്‍ ടെസ്റ്റ് മാച്ചുകള്‍ കളിക്കുന്നവര്‍ക്ക് 1 കോടിരൂപയും ബി.സി.സി.ഐ നല്‍കുന്നുണ്ട്.

Advertisement