ന്യൂദല്‍ഹി അരക്കോടിയിലധികം രൂപ കൈവശംവെച്ച സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് എം പിയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ ഇന്ദരാഗാന്ദി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.ജാര്‍ഖണ്ഡില്‍നിന്നുള്ള രാജ്യസഭാ എം പിയായ കന്‍വര്‍സിംഗിനെയാണ് 57 ലക്ഷവുമായി സ്വകാര്യവിമാനത്തില്‍വെച്ച് അധികൃതര്‍ അറസ്റ്റുചെയ്തത്.ആല്‍കെമിസ്റ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥനാണ് എം പികൂടിയായ കന്‍വര്‍ സിംഗ്.

പണം തന്റെ കമ്പനിയിലേക്കുള്ളതാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയതെനെ തുടര്‍ന്ന് വിട്ടയക്കപ്പെടുകയായിരുന്നു.സി ഐ എസ് എഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് പണം കണ്ടെത്തിയത്.ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണത്തിന്റെ ഒഴുക്ക് നിരീക്ഷിക്കാന്‍ സിവില്‍ ആവിയേഷന്‍ ബ്യൂറോ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.തിരഞ്ഞെടുപ്പ് സമാഗതമായ ആസ്സാമിലേക്കുള്ള യാത്രാമധ്യേയായിരുന്നു സിംഗ്.

കന്‍വര്‍ സിംഗിനെതിരെ ക്രിമിനല്‍കുറ്റത്തിന് കേസ്സെടുക്കണമെന്ന് സി പി എം നേതാവ് ബൃന്ദകാരാട്ട് കേന്ദ്ര സര്‍ക്കാരിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.സംഭവം തൃണമൂലിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്നും അങ്ങേയറ്റം ലജ്ജാകരമാണെന്നും ബൃന്ദകാരാട്ട് പറഞ്ഞു.