kanthapuram

കോഴിക്കോട്: മത-സാമുദായിക നേതാക്കളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശലുകള്‍ മതത്തിനും രാഷ്ട്രീയത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളയാത്രക്ക് കോഴിക്കോട് മുതലക്കുളത്ത് നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതത്തിനും രാഷ്ട്രീയത്തിനും യോജിക്കാവുന്ന മേഖലകള്‍ ഉണ്ട്. അത്തരം സാധ്യതകളെ, സങ്കുചിതമായ അധികാരമോഹങ്ങള്‍ക്കുവേണ്ടി ബലികഴിക്കരുത്. ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും നല്‍കുന്ന സൗകര്യങ്ങളെ വിപുലപ്പെടുത്താനും അവയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമോ എന്ന അന്വേഷണമാണ് അടിസ്ഥാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. ഇതിനെ അധികാരത്തര്‍ക്കങ്ങളിലേക്ക് ചുരുക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും രാഷ്ട്രീയ സാക്ഷരത നേടുന്നതില്‍ മലയാളി പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇയ്യിടെയായി സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാകുന്നത്.

മതവിശ്വാസികള്‍ക്ക് മേല്‍ക്കോയ്മയുള്ള ഒരു മതേതര ജനാധിപത്യ സമൂഹത്തില്‍ മതത്തിന് ക്രിയാത്മകമായ പല കാര്യങ്ങളും ചെയ്യാനാകും. ഈ അവസരങ്ങളെ ദുരുപയോഗം ചെയ്യുന്നത് മതത്തെയും മതേതരത്വത്തെയും ഒരുപോലെ ദുര്‍ബലപ്പെടുത്തും. ഇത് സമൂഹത്തില്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടും. രാജ്യത്ത് നടക്കുന്ന തീവ്രവാദ വര്‍ഗീയ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി നേരിടാന്‍ പലപ്പോഴും കഴിയാതെ പോകുന്നത് മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്. അതുകൊണ്ടു തന്നെ മതത്തിന്റെ രാഷ്ട്രീയത്തിലേക്കും തിരിച്ചുമുള്ള പ്രവേശം രാജ്യത്തിന്റെ പൊതുവിലുള്ള നന്മ ലക്ഷ്യം വച്ചാകണം.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കളില്‍ വര്‍ദ്ധിച്ച തോതിലുള്ള കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. പച്ചക്കറികളുടെയും മറ്റും ഗുണമേന്മ പരിശോധിക്കാന്‍ സംസ്ഥാനാതിര്‍ത്തികളില്‍ സംവിധാനമേര്‍പ്പെടുത്തണം. വിഷാംശം ഉണ്ടെന്നു കണ്ടെത്തുന്ന വസ്തുക്കള്‍ തിരിച്ചയക്കുകയും അത്തരം കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വേണം.

കേരളത്തിലെ മണ്ണിന്റെ ഫലപുഷ്ടി സംരക്ഷിക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകണം. ഗ്രാമീണ മേഖലകളില്‍ കീടനാശിനികള്‍ ഉപയോഗിക്കാതെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക വിപണി കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. കീടനാശിനികള്‍ ഉപയോഗിക്കാത്ത കൃഷിത്തോട്ടങ്ങള്‍ ഉള്ള വീടുകള്‍ക്ക് നികുതിയിളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങല്‍ നല്‍കണം.

മഅ്ദനി അടക്കമുള്ള വിചാരണത്തടവുകാരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നതില്‍ നമുക്ക് ജാഗ്രതക്കുറവ് സംഭവിച്ചിട്ടുണ്ട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. പക്ഷേ, കുറ്റം ചെയ്തു എന്ന ഒരാരോപണം അവകാശങ്ങള്‍ നിഷേധിക്കാനുള്ള കാരണമായിത്തീരരുത്. മഅ്ദനിക്ക് ജാമ്യം നല്‍കി നീതിന്യായ വ്യവസ്ഥയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കാന്തപുരം പറഞ്ഞു.

സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി, കലാം മാവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി, കലാം മാവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Malayalam News

Kerala News in English