കോഴിക്കോട്: ഇ.കെ.വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് മുസ്ലിംലീഗ് വ്യക്തമാക്കണമെന്ന് അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍. എ.പി.വിഭഗാവുമായി ബന്ധപ്പെടുന്നത് മുസ്ലിംലീഗ് നേതാക്കള്‍ നിര്‍ത്തണമെന്ന ഇ.കെ.വിഭാഗത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ പ്രവര്‍ത്തനം സുസമ്മതമായതു കൊണ്ടാണ് കേന്ദ്ര സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ മര്‍കസില്‍ വരുന്നതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

മുസ്ലിംലീഗ് പ്രവര്‍ത്തിക്കുന്നത് ഇ.കെ.വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചാണോ എന്ന് വ്യക്തമാക്കണം. ആരുടെയെങ്കിലും നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേടില്‍ ലീഗ് എത്തിപ്പെട്ടിട്ടുണ്ടോയെന്നും കാന്തപുരം ചോദിച്ചു.

ഇവിടെ ഏതെങ്കിലും രാഷ്ട്രീയ സംഘടനയെ ഏതെങ്കിലും മതസംഘട നിയന്ത്രിക്കുന്നതായോ ഏതെങ്കിലും മതസംഘടനയെ രാഷ്ട്രീയ സംഘടന നിയന്ത്രിക്കുന്നതായോ ഞങ്ങള്‍ക്ക് അറിയില്ല. ഒരു രാഷ്ട്രീയ സംഘടനയെയും ഞങ്ങള്‍ നിയന്ത്രിക്കുന്നില്ല, ഞങ്ങളെ ഒരു രാഷ്ട്രീയ സംഘടനയെയും നിയന്ത്രിക്കുന്നുമില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.