തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ കാലത്ത് ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പുന:പരിശോധന നടത്തണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇദ്ദേഹം ഡി.ജി.പി ആയിരുന്ന കാലത്തും ഇതേ നിലപാട് തന്നെയായിരുന്നോ വെച്ചുപുലര്‍ത്തിയത് എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

കേരളത്തിലെ മുസ്‌ലീങ്ങളെ കുറിച്ച് ടി.പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കടുത്ത വര്‍ഗീയ സ്വഭാവമുള്ളതും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഒരാളില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതുമാണെന്നും കാന്തപുരം പറഞ്ഞു.


Dont Miss എം.ടി രമേശ് സെന്‍കുമാറിന്റെ വീട്ടില്‍; സന്ദര്‍ശനം ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതിന്റെ ഭാഗമായി


മുസ്‌ലീങ്ങളില്‍ നല്ലവരും ഉണ്ട് എന്ന പരാമര്‍ശമൊക്കെ ആഴത്തില്‍ വര്‍ഗീയത മനസില്‍ കൂടിയ ഒരാള്‍ക്കുമാത്രം പറയാന്‍ കഴിയുന്ന ഒന്നാണ്. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നിലവില്‍ വന്നയുടനെ സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രി എടുത്ത തീരുമാനം ദീര്‍ഘവീക്ഷണമുള്ളതായിരുന്നെന്ന് ഇപ്പോള്‍ ഇയാള്‍ എടുക്കുന്ന സമീപനങ്ങള്‍ തെളിയിക്കുന്നെന്നും കാന്തപുരം പറഞ്ഞു.

വര്‍ഗീയ നിലപാടുകള്‍ എടുക്കുന്നവര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ കടന്നുകൂടുന്നത് ആശങ്കാജനകമാണ്. ഇങ്ങനെയുള്ളവര്‍ ഉദ്യോഗസ്ഥ തലപ്പത്തു എത്താതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണം. 1971 ലെ തലശ്ശേരി കലാപം സംബന്ധിച്ച് ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പൊലീസിനുള്ളിലെ വര്‍ഗീയതയെ സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉള്ള വര്‍ഗീയ വത്ക്കരണത്തെ സംബന്ധിച്ച് മുന്‍കാലങ്ങളില്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പഠിച്ച് ആവശ്യമായ മാറ്റങ്ങള്‍ സര്‍ക്കാരുകള്‍ കൊണ്ടുവരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

കേരളം പോലെ ബഹുസ്വരത ശക്തമായി നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഡി.ജി.പിയായിരുന്ന ഉദ്യോഗസ്ഥന്‍ വിരമിച്ചു ദിവസങ്ങള്‍ക്കകം നടത്തിയ ഈ പരാമര്‍ശങ്ങള്‍ നമ്മുടെ നാടുകളില്‍ അസ്വസ്ഥത വിതയ്ക്കാന്‍ ഇടവരുത്താതെ എല്ലാമതനേതാക്കളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ജാഗ്രത കാണിക്കണമെന്നും ഇത്തരം മനോഭാവമുള്ളവരെ അമിത പ്രാധാന്യം നല്‍കാതെ മാധ്യമങ്ങള്‍ അവഗണിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.