എഡിറ്റര്‍
എഡിറ്റര്‍
ലീഗ് രാഷ്ട്രീയ സംഘടന മാത്രം, ഹൈദരലി തങ്ങള്‍ രാഷ്ട്രീയ നേതാവ്: കാന്തപുരം
എഡിറ്റര്‍
Wednesday 25th April 2012 9:00am

കൊച്ചി: മുസ്‌ലിം സമുദായത്തിന്റെ കുത്തകാവകാശം മുസ്‌ലിംലീഗിനല്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ലീഗ് വെറുമൊരു രാഷ്ട്രീയ സംഘടനയാണ്. ഹൈദരലി ശിഹാബ് തങ്ങള്‍ രാഷ്ട്രീയ നേതാവ് മാത്രമാണ്- കേരള യാത്രയോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു.

സുമദായത്തിന്റെ കുത്തക ലീഗ് അവകാശപ്പെട്ടാല്‍ മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെയും മുസ്‌ലിംകള്‍ക്ക് വേണ്ടിയെന്നുപറഞ്ഞ് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും അവഹേളിക്കുന്ന തരത്തിലാകും. കോണ്‍ഗ്രസിലും മറ്റ് പല പാര്‍ട്ടികളിലും മുസ്‌ലിംകളുണ്ട്്. മതത്തിന്റെ പേരില്‍ അവകാശങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയോ അടിമപ്പെടുകയോ ചെയ്യുമെന്ന് കരുതുന്നില്ല. അഞ്ചാം മന്ത്രിസ്ഥാനം കൊണ്ട് മുസ്‌ലിം സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ മോശമാണ് മതത്തിന്റെ പേരിലുള്ള ചില സംഘടനകള്‍ എന്ന ആര്യാടന്റെ പ്രസ്താവനയോട്, അത്തരത്തിലുള്ളതും ഉണ്ടാകാം എന്നായിരുന്നു പ്രതികരണം. രാഷ്ട്രീയ വിലപേശലുകള്‍ നടത്തുന്നതില്‍നിന്ന് മതസാമുദായിക നേതാക്കള്‍ പിന്മാറണം. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കക്ഷി ചേരുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കും.

രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത് സാമ്പത്തിക അസമത്വമാണ്. അതില്ലാതാക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി താഴെ തട്ടില്‍ എത്തുന്നില്ല. ഇതിന് പ്രധാന കാരണം അഴിമതിയാണ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്. സാമുദായിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ മറ്റ് മതവിഭാഗങ്ങളുമായി ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്നും കാന്തപുരം വിശദീകരിച്ചു.

സാമുദായിക നേതാക്കള്‍ രാഷ്ട്രീയ വിലപേശലുകള്‍ക്കു നില്‍ക്കരുത്. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കക്ഷി ചേരുകയും വിവാദങ്ങളെ സാമുദായിക ധ്രുവീകരണത്തിലേക്കു വഴിതെറ്റിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തുകയും ചെയ്യുന്നത് സമൂഹത്തെ വന്‍ വിപത്തിലേക്കു നയിക്കും.

പൊതു വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ നേതാക്കള്‍ ആത്മസംയമനത്തോടെ പെരുമാറണം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അഴിമതിയും അസമത്വവും വളര്‍ത്തുന്നു. അഴിമതിക്കെതിരെ പൊതു മുന്നേറ്റം ഉണ്ടാവണമെന്നും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പിന്നീട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണം മാറിയാലും പൊതു വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടര്‍ച്ചയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Malayalam News

Kerala news in English

Advertisement