അബ്ദുള്ള കോട്ടപ്പൊയില്‍

അബൂദാബി: മനുഷ്യനെ മൗലികമായി സംസ്‌കരിച്ച് സ്‌നേഹത്തോടെ ജീവിക്കാനുള്ള സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ വിളംബരം ചെയ്യുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു.

പരാശ്രയമില്ലാതെ ഐശ്വര്യ പൂര്‍ണ്ണമായ മനുഷ്യജീവിതം ഇസ്ലാം അഭിലഷിക്കുന്നു. സാമ്പത്തിക അസന്തുലിതാവസ്ഥയും സാമ്പത്തിക പ്രശനം കൊണ്ട് കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് ഇസ്ലാം പഞ്ചസ്തംഭങ്ങളില്‍ ഒന്നായി സകാത് നിര്‍ബന്ധമാക്കിയത്. ധനികര്‍ അവരുടെ സമ്പത്തിന്റെ വിഹിതം പാവപ്പെട്ടവര്‍ക്ക് നല്‍കി ദാരിദ്ര്യവും പ്രയാസവും ഇല്ലായ്മ ചെയ്യാന്‍ ഇസ്ലാം നിര്‍കര്‍ഷിക്കുന്നു.

ലോകരാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഭീതിയിലൂടെ നീങ്ങുമ്പോള്‍ ഇസ്ലാമിന്റെ സമത്വ സാമ്പത്തികവ്യവസ്ഥിതിയെ പഠിക്കാന്‍ മുന്നോട്ട് വരണം. അനുവദനീയമായ മാര്‍ഗ്ഗത്തിലൂടെ സമ്പാദിക്കുകയും ഹലാലായ മാര്‍ഗത്തില്‍ തന്നെ വിനിയോഗിക്കുകയും ചെയ്യുന്നവര്‍ക്കാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുക.

മനുഷ്യനെ ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും അടിസ്ഥാനത്തിലല്ല പരിഗണിക്കേണ്ടത്. പകരം മാനവിക മൂല്യങ്ങളില്‍ ഒന്നിച്ച് ജീവിക്കുകയും നാടിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ഐശ്വര്യം പുലരുക. എല്ലാവരുടെയും ഐശ്വര്യമാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. പട്ടിണിപ്പാവങ്ങള്‍ ലോകത്ത് ഉണ്ടാവണമെന്ന കാഴ്ച്ചപ്പാട് ഇസ്ലാമിനില്ല. ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യം ദാരിദ്ര്യത്തിനുള്ള അംഗീകാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകസ്‌നേഹം വിശ്വാസികളുടെ മനസ്സുകളില്‍ ദൃഢപ്പെടുകയും ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിരുനബിയുടെ മാതൃക പകര്‍ത്തുകയും ചെയ്യുന്നവര്‍ക്കായിരിക്കും ജീവിതത്തില്‍ അന്തിമ വിജയമെന്നും അദ്ദേഹം പറഞ്ഞു.

എം.കെ ഗ്രൂപ്പ് എംഡിയും അബൂദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറുമായ പത്മശ്രീ യൂസുഫലി പരിപാടി ഉത്ഘാടനം ചെയ്തു. ലോകം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരം പലിശരഹിത സാമ്പത്തിക വ്യവസ്ഥിതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതി സമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സാമ്പത്തിക അസമത്വവും ദാരിദ്ര്യവും സൃഷ്ടിക്കുന്ന ഈ പ്രതിസന്ധികള്‍ക്ക് ആശ്വാസം നല്‍കാന്‍ കേരളത്തില്‍ തുടങ്ങാനിരിക്കുന്ന അല്‍ ബറക ഇസ്ലാമിക് ബാങ്ക് സഹായിക്കുമെന്ന് അല്‍ ബറക വൈസ് ചെയര്‍മാന്‍ കൂടിയായ എം എ യൂസുഫലി പറഞ്ഞു.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍, ഇന്ത്യന്‍ ഇസ്ലാമിക് പ്രസിഡന്റ് ബാവ ഹാജി, ഡോ. എ. പി. അബ്ദുല്‍ ഹഖീം അസ്ഹരി മുസ്തഫ ദാരിമി, സിദ്ധീഖ് അന്‍വരി, എ. കെ. അബ്ദുള്ള സംസാരിച്ചു.

പത്മശ്രീ യൂസുഫലിക്ക് മര്‍ക്കസ് അബൂദാബി കമ്മിറ്റി നല്‍കുന്ന ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ സമ്മാനിച്ചു.