Categories

സ്ത്രീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവരണത്തിന് കഴിയില്ല: കാന്തപുരം

കോഴിക്കോട്: സംവരണം കൊണ്ട് സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ . മര്‍ക്കസ് സഖാഫത്തി സുന്നിയ്യ സ്വപ്നനഗരിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ മദ്ഹുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്ത്രീകളനുഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി രംഗത്തിറങ്ങിയവരും വനിതാബില്‍ അവതരിപ്പിച്ച് സ്ത്രീ പക്ഷത്തിനോടൊപ്പം നിലനില്‍ക്കുന്നവരും ചെയ്യുന്നത്. മതദര്‍ശനങ്ങളില്‍ നിന്നല്ല സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. അവര്‍ നേരിടുന്ന വെല്ലുവിളി ഫെഡറല്‍ വ്യവസ്ഥിതികളിന്‍ നിന്നുതന്നെയാണ്. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സ്ത്രീകളെ കരുവാക്കുകയാണ് ചെയ്യുന്നത്. സംവരണം കൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നതല്ല സ്ത്രീകളുടെ പ്രശ്‌നമെന്നും കാന്തപുരം വ്യക്തമാക്കി.

സ്ത്രീകളുടെ അര്‍ഹതയും അവകാശവും കടലാസുകള്‍ വഴിയല്ല കര്‍മനിരതമായ കാര്യബോധത്തിലൂടെയാണ് പുലര്‍ന്നുകാണേണ്ടത്. സ്‌നേഹസൗഹാര്‍ദ ജീവിതത്തിലൂടെ സാംസ്‌കാരിക തനിമയും പാരമ്പര്യ വിശ്വാസമൂല്യങ്ങളും കാത്തു സൂക്ഷിക്കാന്‍ കേരളീയസമൂഹത്തിന് കഴിയണം. കേരളീയ സമൂഹം പുലര്‍ത്തിപ്പോരുന്ന മത മൈത്രിയും സാഹോദര്യ പാരമ്പര്യവും രാജ്യത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം സയിദ് ഉമര്‍ അബ്ദുല്ല അല്‍ കാമിലി (മക്ക) ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അല്‍ ബൈത്തി (യമന്‍) മീലാദ് സന്ദേശം നല്‍കി.

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയിദ് അബ്ദുറഹിമാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. ശൈഖ് ഉമര്‍ അല്‍ ഖത്തീബ് (ഡയറക്ടര്‍ ദുബൈ ഔഖാഫ്), ശൈഖ് സക്കരിയ്യ ഉമര്‍ മക്കി (സിറിയ), ഇംതിയാസ് മിറാജ് (ബ്രസീല്‍ ), ശൈഖ് ഉമര്‍ ഇബ്രാഹിം (സിറിയ), ശൈഖ് മുഹമ്മദ് അലി ജാസിം (ദുബായ്), ശൈഖ് മാജിദ് അലി ജാസിം (ദുബായ്), ഹാജി മുസഫിര്‍ ഇസ്മായില്‍ (മഹാരാഷ്ട്ര എം.എല്‍ .സി.), ഹാജി നൂറുല്‍ ഹുദാ ലെയ്ക് (ബംഗാള്‍ ), അബ്ദുള്‍ ഗനി കോഹില്‍ (ജമ്മുകശ്മീര്‍ ), സയിദ് ഫസല്‍ ശിഹാബ് അല്‍ ജിഫ്രി, സയിദ് അലി ബാഫഖി തങ്ങള്‍ , സയിദ് യുസുഫുല്‍ ബുഖാരി വൈലത്തൂര്‍ , സയിദ് ഇബ്രാഹിമുല്‍ ഖലിലുല്‍ ബുഖാരി, സയിദ് ഹുസ്സയിന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ , ചിത്താരി കെ.പി.ഹംസ മുസ്‌ല്യാര്‍ , ഇ. സുലൈമാന്‍ മുസ്‌ല്യാര്‍ , നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്‌ല്യാര്‍ , എ.പി. മുഹമ്മദ് മുസ്‌ല്യാര്‍ കാന്തപുരം, പൊന്മള അബ്ദുള്‍ ഖാദിര്‍ മുസ്‌ല്യാര്‍ , കെ.കെ. അഹമ്മദ്കുട്ടി മുസ്‌ല്യാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹിമാന്‍ സഫാഖി, കാര്യാട്ട് കുഞ്ഞഹമ്മദ് ഹാജി, ബാവാഹാജി ചാലിയം. മന്‍സൂര്‍ ഹാജി (ചെന്നൈ), മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും സി.പി. മൂസ്സഹാജി പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.