കോഴിക്കോട്: തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും കാന്തപുരം പറഞ്ഞു.

തിരുകേശവിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ടകാര്യമല്ല. അത് അന്ധവിശ്വാസമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് മതപണ്ഡിതന്‍മാരും, മുസ്‌ലീംകളുമാണ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റുള്ളവരും ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ല. പ്രവാചകന്റെ തിരുകേശം കത്തില്ലെന്നാണ് മുസ് ലീം സമുദായത്തിലുള്ളവരുടെ വിശ്വാസം. അത് പ്രവാചകന്റെ അമാനുഷികതയാണ്. അതിനെക്കുറിച്ച് അറിയാത്തവര്‍ അക്കാര്യം സംസാരിക്കേണ്ടതില്ലെന്നും കാന്തപുരം വ്യക്തമാക്കി.

തിരുകേശത്തിന്റെ കാര്യത്തില്‍ മുസ്‌ലീം സമുദായത്തിനൊരു വിശ്വാസമുണ്ട്. മുസ്‌ലീം സമുദായത്തിന്റെ ഒരു വിശ്വാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് മുസ്‌ലീം പണ്ഡിതന്‍മാരാണ്. രാഷ്ട്രീയക്കാരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടതില്ലെന്നും കാന്തപുരം പറഞ്ഞു.

മതകാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല. മതത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് വര്‍ഗീയതയ്ക്ക് കാരണമാകും. രാഷ്ട്രീയശ്രദ്ധ കിട്ടാനാണോ പിറണായി ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുകേശം സംബന്ധിച്ച് മുസ്‌ലീം മതവിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാവാം. അത് ഈ കാര്യത്തില്‍ മാത്രമല്ല ഉണ്ടായിട്ടുള്ളത്. മുമ്പും പലകാര്യങ്ങളിലും ഇത്തരത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എ.പി വിഭാഗത്തിന്റെ നിലപാട് ഒരുകാലത്തും ഒരു പ്രത്യേകരാഷ്ട്രീയപാര്‍ട്ടിക്ക് ഒപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയുമില്ലെന്നും കാന്തപുരം പറഞ്ഞു.

സി.പി.ഐ.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ‘ വാഗ്ഭാടനന്ദ ഗുരുവും കേരളീയ നവോത്ഥാനവും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞ വാക്കുകള്‍ക്ക് മറുപടിയായാണ് കാന്തപുരം ഇങ്ങനെ പറഞ്ഞത്. മതമേധാവികള്‍ നഗ്നമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്നായിരുന്നു പിണറായിയുടെ പ്രധാന ആരോപണം.

മതപരവും ജാതിപരവുമായ വേര്‍തിരിവ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമമുണ്ട്. ഹിന്ദുക്കള്‍ക്ക് ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ്. മുടിയെച്ചൊല്ലിയാണ് വേറൊരു കൂട്ടരുടെ തര്‍ക്കം. മുടി ആരുടേതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമുക്കറിയാം. എന്നാല്‍ മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം. തര്‍ക്കങ്ങള്‍ ഇത്തരത്തിലാണ് പോകുന്നത്.പൊതുമണ്ഡലത്തെ ബോധപൂര്‍വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പരിമിതമായ യുക്തിപോലും തകര്‍ക്കുകയാണ്. ഇതെല്ലാം ആസൂത്രിത അജന്‍ഡയുടെ ഭാഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൂജാമുറിയില്‍ ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളെയാണ് കാണാനാവുക. വീടെടുക്കുമ്പോള്‍ തന്നെ പൂജാമുറിക്കുള്ള സ്ഥലം കൂടി കാണുന്ന സ്ഥിതിവിശേഷമാണുള്ളത്. പുതിയ പൂജാവിഗ്രഹങ്ങള്‍ ഉണ്ടാകുന്നു. പൂജാമുറിയില്‍ ഇക്കാലത്ത് ഇടം പിടിക്കുന്നത് ആള്‍ദൈവങ്ങളാണ്. വളരെ പരിതാപകരമായ അവസ്ഥയാണ് ഇതെന്നും പിണറായി പറഞ്ഞു.

Malayalam News

Kerala News In English