തലശ്ശേരി: കണ്ണൂര്‍ മടപ്പത്തൂര്‍ശ്രീനാരായണവിലാസം എല്‍ പി സ്‌കൂളിലെ പോളിംഗ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. കൂത്തുപറമ്പ് സ്വദേശി സദാനന്ദനാണ് മരിച്ചത്. ജില്ലയില്‍ ആദ്യ മണിക്കൂറുകളില്‍ 11 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ഥാനാര്‍ത്ഥികളെയും ബൂത്ത് ഏജന്റുമാരെയും തട്ടിക്കൊണ്ടുപോയതായി പരാതിയുയര്‍ന്നിട്ടുണ്ട്.

നീലേശ്വരത്ത് പാലായിലെ വിമതസ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാരെ തട്ടിക്കൊട്ടുപോയതായി പരാതിയുണ്ട്. സി.പി.ഐ.എം വിമത സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റുമാരെയാണ് തട്ടിക്കൊണ്ടുപോയത്. കായംകുളം നഗരസഭയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റിട്ടുണ്ട്. സബീനാ നൗഷാദിനാണ് വെട്ടേറ്റത്. തിരുവനന്തപുരം കാഞ്ഞിരംകുളം പഞ്ചായത്ത് കിഴിവൂര്‍ പഞ്ചായത്തിലെ സ്വതനന്തസ്ഥാനാര്‍ത്ഥിയുടെ ചിഹ്നം തെറ്റായി രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ഇവിടെ 25ന് വോട്ടിംഗ് നടക്കും.