chelora-plant

മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ഒരു ദേശത്തിന്റെ മണ്ണ്, വായു, ജലം തുടങ്ങി മുഴുവന്‍ ജീവിത സാഹചര്യങ്ങളെയും തകര്‍ത്തെറിയുകയാണ് ഭരണകൂടം ചെയ്യുന്നത്. സമൂഹത്തിലെ അശരണരും പിന്നാക്ക വിഭാഗക്കാരും താമസിക്കുന്ന പ്രദേശങ്ങളാണ് ഇത്തരം മാലിന്യ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്.
നഗരം ഉപഭോഗം ചെയ്ത് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഇനി ഞങ്ങളുടെ തലയില്‍ കൊണ്ടിടേണ്ടെന്ന് അവര്‍ ഉറക്കെ പറയുകയാണിപ്പോള്‍. വര്‍ഷങ്ങളായി ഇവിടത്തെ ജനങ്ങളുടെ പ്രതിഷേധത്തെ അധികാരത്തിന്റെ മേധാവിത്വം ഉപയോഗിച്ച് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.എന്നാല്‍ അവര്‍ വിളപ്പില്‍ ശാലയില്‍ അധികാരികളെ വിറപ്പിച്ചു. ഇപ്പോള്‍ കണ്ണൂരിലെ ചേലോറയിലും മാലിന്യപ്ലാന്റിനെതിരെ ഐതിഹാസിക സമരം നടക്കുകയാണ്. ചേലോറയില്‍ സമരസമിതി നേതാക്കളെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ വരെ ശ്രമമുണ്ടായി. ചേലോറയിലെ മാലിന്യപ്രശ്‌നത്തെക്കുറിച്ചും സമരത്തെക്കുറിച്ചും സമര സമിതി കണ്‍വീനര്‍ ചോലോടന്‍ രാജീവ് ഡൂള്‍ന്യൂസ് പ്രതിനിധി ആര്യ ആര്‍ രാജനുമായി സംസാരിക്കുന്നു.


ചേലോറയില്‍ മാലിന്യ നിക്ഷേപം തുടങ്ങുന്നതെങ്ങനെയാണ്?

1952 ലാണ് മുനിസിപ്പാലിറ്റി ഈ സ്ഥലം ഏറ്റെടുക്കുന്നത്. അന്ന് സ്ഥലമേറ്റെടുക്കുമ്പോള്‍ പറഞ്ഞിരുന്നത് അവിടെ വലിയൊരു ഫാക്ടറി വരാന്‍ പോകുന്നുണ്ടെന്നും ആ ഫാക്ടറി വരുന്നതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നുമാണ്. അങ്ങനെയാണ് സ്ഥലം ഏറ്റെടുക്കാനായി മുനിസിപ്പാലിറ്റി എല്ലാവരുടെ കയ്യില്‍ നിന്നും സമ്മതപത്രം ഒപ്പിട്ടു വാങ്ങുന്നത്. അന്നത്തെ രണ്ടു രൂപയാണ് എല്ലാവര്‍ക്കും കൊടുത്തിരുന്നത്.

രണ്ടു വര്‍ഷത്തിനു ശേഷമാണ് കണ്ണൂരില്‍ നിന്നും എന്തോ ഒരു സാധനം ചേലോറയിലേക്ക് വരുന്നെന്ന് അറിഞ്ഞത്. അത് കാണാനായി ആകാംഷയോടെ നിന്ന ജനങ്ങള്‍ക്ക് മുന്നിലേക്ക് മലവിസര്‍ജ്ജ്യം അടങ്ങിയ കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ വണ്ടിയാണ് വന്നത്. ജനങ്ങളെ ഫാക്ടറി വരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ചേലോറയെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. പിന്നീട് 1882 ല്‍ തോട്ടി സമ്പ്രദായം നിര്‍ത്തലാക്കിയതിനുശേഷമാണ് അതിന് അറുതി വന്നത്.

അന്നൊക്കെ ട്രഞ്ചിംഗ് കേന്ദ്രത്തില്‍ ചത്ത മൃഗങ്ങളെയൊക്കെ അതേ പടി കൊണ്ടുവന്നു തള്ളാറായിരുന്നു. പിന്നീട് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മൃഗങ്ങളുടെ ശവശരീരം കൊണ്ടുവരുന്നത് നിര്‍ത്തലാക്കി.

chelora-waste-problem

ചേലോറ സമരപ്പന്തല്‍ പോലീസ് പൊളിച്ചു നീക്കുന്നു

ഇപ്പോഴത്തെ ചേലോറ പഞ്ചായത്തിന്റെ അവസ്ഥ എങ്ങിനെയാണ്?

1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വെറും അഞ്ച് വര്‍ഷം മാത്രമാണ് ചേലോറക്കാര്‍ ശുദ്ധവായു ശ്വസിച്ചതും ശുദ്ധജലം കുടിച്ചതും പിന്നീടങ്ങോട്ട് മലിനമായ വായുവും മലിന ജലവും ആണ് ചേലോറക്കാര്‍ക്ക് ലഭിച്ചത്. ചേലോറയിലെ 500 വീടുകള്‍ പരിശോധിച്ചതില്‍നിന്നും അവിടുത്തെ കിണറുകളിലെ വെള്ളമെല്ലാം പൂര്‍ണ്ണമായും മലിനമായി കഴിഞ്ഞെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഇന്നിപ്പോള്‍ 50 അടി ഉയരത്തിലാണ് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്.

എന്നുമുതലാണ് ചേലോറ നിവാസികള്‍ മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധിക്കുന്നത്?

മാലിന്യം ചേലോറയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയ അന്നുമുതല്‍ തന്നെ ഭരണാധികാരികളുടെ മുന്നില്‍ നിവേദനവുമായി ചെല്ലാന്‍ തുടങ്ങിയതാണ്. അധികാരത്തില്‍ വരുന്ന ഓരോ രാഷ്ട്രീയപാര്‍ട്ടികളും പ്രശ്‌നം ഉടനടി പരിഹരിക്കുമെന്ന് വാഗ്ദാനവും നല്‍കും. എന്നാല്‍ ഇതുവരെ ഇതിനൊരു പരിഹാരം കാണാന്‍ ഒരു ഭരണാധികാരികള്‍ക്കും കഴിഞ്ഞിട്ടില്ല.

1985 ല്‍ മുനിസിപ്പാലിറ്റിയും ജില്ലാപഞ്ചായത്തും ഒരു വര്‍ഷം കൊണ്ട് പ്രശ്‌നം പരിഹരിച്ചുതരാം എന്നു പറഞ്ഞിരുന്നു. എന്നാല്‍ അതും വെറും വാക്കില്‍ മാത്രം ഒതുങ്ങി. 1999ലാണ് ചേലോറയില്‍ മാലിന്യ വിരുദ്ധകമ്മിറ്റിയ്ക്ക് രൂപം കൊടുക്കുന്നത്. അന്നത്തെ കളക്ടറായ ജ്യോതിലാല്‍ കൂത്തുപറമ്പ് പ്ലാന്റ് കൊണ്ടുവരുമെന്നും ആറു മാസം കൊണ്ട് എല്ലാവര്‍ക്കും ശുദ്ധജലം എത്തിക്കുമെന്നും പറഞ്ഞു. കളക്ടറുടെ വാക്കില്‍ വിശ്വസിച്ച് ഒരു വര്‍ഷം ഞങ്ങള്‍ കാത്തിരുന്നു.

എന്നാല്‍ നീണ്ട പതിമൂന്ന് വര്‍ഷമായിട്ടും പ്രശ്‌നം അങ്ങനെ തന്നെ തുടരുകയാണ്. അതിനിടെ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നെങ്കിലും അതൊന്നും എവിടെയുമെത്തിയില്ല.

ഇപ്പോള്‍ നിങ്ങള്‍ സമരം തുടങ്ങിയല്ലോ, അതിനോടുള്ള അധികാരികളുടെ പ്രതികരണം എങ്ങനെയാണ്?

ഡിസംബര്‍ 26 നാണ് ഞങ്ങള്‍ സമരം തുടങ്ങുന്നത്. അന്നുമുതല്‍ തന്നെ അത് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചേലോറയിലെ മാലിന്യ നിക്ഷേപം ഇന്നും തുടരുന്നത് പിന്നില്‍ കണ്ണൂരിലെ ജില്ലാപഞ്ചായത്തും നഗരസഭയും മുനിസിപ്പാലിറ്റിയും തന്നെയാണ്. ഇവര്‍ പോലീസിനെ ഉപയോഗിച്ച് ഞങ്ങളുടെ സമരത്തെ അടിച്ചമര്‍ത്തുകയാണ്.

ജനകീയ സമരത്തെ ഒരിക്കലും അടിച്ചമര്‍ത്താന്‍ പാടില്ലെന്ന് നമ്മുടെ മുഖ്യമന്ത്രി ഉത്തരവിട്ടതാണ്. എന്നാല്‍ സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ അക്രമിക്കുകയാണ് പോലീസ്.

chelora-waste

സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയമായിരുന്നു.അവര്‍ മുന്നോട്ട് വെച്ചതെന്താണ്?

കഴിഞ്ഞ 28ന് തിരുവനന്തപുരത്ത മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുള്‍പ്പെടെ നിരവധി തവണ അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും അതെല്ലാം ഫലംകാണാതെ പിരിയുകയായിരുന്നു. പ്രശ്‌നപരിഹാരത്തിന്  മുഖ്യമന്ത്രി ആറുമാസം സാവകാശം ചോദിച്ചിരുന്നു. എന്നാല്‍, സമരം പരിഹരിക്കുന്നതിനു പകരം നഗരസഭയും പോലീസും സമരക്കാരെ പ്രകോപനപരമായി നേരിടുന്നതിനാല്‍ മേലില്‍ ചര്‍ച്ചക്കില്ലെന്നും മാലിന്യം നിക്ഷേപം നിര്‍ത്തിവെക്കുന്നതൊഴിച്ചുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും ഞങ്ങള്‍ പറഞ്ഞു.

മാലിന്യ സംസ്‌ക്കരണത്തിന് ജര്‍മ്മന്‍ സാങ്കേതിക വിദ്യ കൊണ്ടുവരുമെന്ന് ഗ്രാമവികസനമന്ത്രി കെ.സി ജോസഫ് പറഞ്ഞിരുന്നല്ലോ, അതിനോട് യോജിക്കുന്നുണ്ടോ?

ജര്‍മ്മന്‍ മാതൃകയിലുള്ള മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് വെറും ഒരു ഏക്കര്‍ സ്ഥലം മതിയെന്നാണ് പറയുന്നത്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ കയ്യില്‍ ഏക്കര്‍ കണക്കിന് സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ആ സ്ഥലം അത്തരമൊരു പ്ലാന്റിനായി തിരഞ്ഞെടുത്താല്‍ മതി. അതല്ലാതെ കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നു പതിനഞ്ച് കിലോമീറ്ററോളം ദൂരത്തുള്ള ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് മാലിന്യം കൊണ്ടുവരേണ്ട ഒരു ആവശ്യവുമില്ല. പക്ഷേ ആ സംരഭമൊന്നും വിജയിക്കുമെന്ന ഒരു പ്രതീക്ഷയും ഞങ്ങള്‍ക്കില്ല.

ഇടക്ക് സമരപ്പന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി സമരക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നല്ലോ. അതേ കുറിച്ച് എന്താണ് പറാനുള്ളത്?

അത്തരമൊരു ക്രൂരകൃത്യത്തിന് പിന്നില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ തന്നെയാണ്. അത് അവര്‍തന്നെ സമ്മതിച്ചു തന്നിട്ടുമുണ്ട്. ചേലോറയിലേക്ക് അന്ന് മാലിന്യ വണ്ടി പറഞ്ഞയച്ച് സമര സമിതി നേതാവ് മധുവിനെ അപായപ്പെടുത്തിയതും അവരുടെ അറിവോടെയാണ്. എന്നിട്ട് ആ വിഷയത്തില്‍ നടപടിയെടുക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. ക്വട്ടേഷന്‍ സംഘത്തെ വിട്ട് സമരക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ലോറി ഡ്രൈവര്‍ പേരിന് അറ്‌സറ്റ് ചെയ്‌തെങ്കിലും ഇയാള്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല.

കണ്ണൂരിലെ ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ വിഷയത്തില്‍ ഉണ്ടായെന്നു കേട്ടിട്ടുണ്ട്. എന്താണ് അതെ കുറിച്ച് പറയാനുള്ളത്?

അതെ തീര്‍ച്ചയായും ഈ വിഷയത്തില്‍ ചേലോറ നിവാസികള്‍ക്കെതിരായി ഉന്നതരില്‍ നിന്നും പലരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. കണ്ണൂരിലെ തന്നെ ഒരു എം.പിയുടേയും എം.എല്‍.എയുടേയും ഒത്താശയോടെയാണ് ഇതെല്ലാം നടന്നത്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ നടക്കുന്ന ഈ അടിച്ചമര്‍ത്തിലിന് അറുതി വരേണ്ടതായുണ്ട്.

കണ്ണൂരിലെ പല രാഷ്ട്രീയക്കാരുമാണ് ഇതിനു പിന്നില്‍. പോലീസ് ഇവരുടെ വരുതിയിലാണ്. കഴിഞ്ഞ ദിവസത്തെ സമരത്തില്‍ 40ഓളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമരം എങ്ങനെയെങ്കിലും അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യമേ അവര്‍ക്കുള്ളൂ. ഞങ്ങളെ അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയപ്പോള്‍ ഞങ്ങള്‍ അവിടുന്ന് ജാമ്യമെടുക്കാന്‍ തയ്യാറായില്ല. മജിസ്‌ട്രേറ്റിന്റെ അടുത്തു ചെന്നാണ് പിന്നീട് ജാമ്യം എടുത്തത്. സമരക്കാരെ അടിച്ചമര്‍ത്താനുള്ള അധികാരം പോലീസിനില്ലെന്ന് അന്ന് മജിസ്‌ട്രേറ്റ് തന്നെ പറഞ്ഞിരുന്നു.

ഈ സമരം എന്നവസാനിക്കുമെന്നാണ് കരുതുന്നത്?

ഞങ്ങള്‍ക്ക് ഇനിയും സമരം ചെയ്യാതെ വയ്യ. ഈ സമരം ഞങ്ങള്‍ മരണം വരെ തുടരും. ഇതില്‍ നിന്നും ഒരടി ഇനി പിന്നോട്ടില്ല. കണ്ണൂര്‍ നഗരസഭയിലെ മാലിന്യം ഇനി ചേലോറയില്‍ നിക്ഷേപിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ സമരം ജനാധിപത്യമാണ്. ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും ഈ ദുരിതത്തില്‍ നിന്നും മോക്ഷം വരണം.