കണ്ണൂര്‍: കത്തിയെരിയുന്ന നെല്‍ക്കൂനകള്‍ക്ക് മുന്നില്‍ കയ്യില്‍ മണ്ണെണ്ണയുമേന്തി തളരാത്ത ആത്മവീര്യത്തോടെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ് നമ്പ്രാത്ത് ജാനകി. നൂറോളം വരുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ ചുറ്റുലുമുണ്ട്.

ആറുമാസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ കീഴാറ്റൂരില്‍ നിര്‍ദിഷ്ട ബൈപാസ് പദ്ധതിക്കെതിരായാരംഭിച്ച സമരം അവിചാരിതമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കയാണ്.

കീഴാറ്റൂര്‍ വയല്‍ വഴി കടന്നുപോകുന്ന നിര്‍ദിഷ്ട ബൈപാസിന് വേണ്ടി സ്ഥലം അളക്കുന്നതിനായി ദേശീയ പാതാ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ ഇന്നെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ രാവിലെ മുതല്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തി. നിരവധി വയല്‍ക്കിളി പ്രവര്‍ത്തകര്‍ കയ്യില്‍ മണ്ണെണ്ണയുമായാണ് സമരത്തിനെത്തിയത്.

അറസ്റ്റോ, മറ്റേതെങ്കിലും തരത്തിലുള്ള പോലീസ് നടപടികളോ ഉണ്ടായാല്‍ ആത്മഹത്യ ചെയ്യുമെന്നവര്‍ ഭീഷണി മുഴക്കി. വയലിലുണ്ടായിരുന്ന കച്ചയ്ക്ക് തീയിട്ടും ഇവര്‍ പ്രതിഷേധിച്ചു. സമരത്തെ ഏത് തരത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും വയല്‍ നികത്തി റോഡ് പണിയാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സമരപ്രവര്‍ത്തകര്‍.

കഴിഞ്ഞ ആഴ്ച്ച നടത്തേണ്ടിയിരുന്ന സര്‍വേ ഇത്തരത്തിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് അന്ന് നടത്തിയിരുന്നില്ല. എന്നാല്‍ ഇന്നലെ സ്ഥല ഉടമസ്ഥരില്‍ 56 ഓളം കുടുംബങ്ങളുടെ സമ്മതപത്രം സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ദേശീയപാത അതോറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പിന്‍ബലത്തില്‍ സ്ഥലം അളക്കാന്‍ ഉദ്യോഗസ്ഥരെത്തുമെന്ന് അറിയിക്കുകയായിരുന്നു.


Dont Miss മഹാരാഷ്ട്രയിലെ കര്‍ഷക മുന്നേറ്റം തന്നെ കീഴാറ്റൂരിലും; കൃഷി ചെയ്ത് ജീവിക്കാനുള്ള അവകാശം സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും വയല്‍ക്കിളി നേതാവ്


എന്നാല്‍ ഈ സമ്മതപത്രങ്ങള്‍ വ്യാജമാണെന്നും കീഴാറ്റൂരിലെ ഒരു കുടുംബം പോലും സമ്മതപത്രം നല്‍കിയില്ല എന്നും വയല്‍ക്കിളി പ്രവര്‍ത്തകര്‍ പ്രസ്താവനയിറക്കിയി. ബൈപാസ് ആരംഭിക്കുന്ന കുറ്റിക്കോല്‍ എന്ന സ്ഥലത്തിനുമപ്പുറത്തുള്ള മറ്റു പ്രദേശങ്ങളിലെ കുടുംബങ്ങളുടെ കയ്യില്‍ നിന്നാണ് സമ്മതപത്രം നേടിയെടുത്തതെന്ന് വയല്‍ക്കിളികള്‍ പറയുന്നു.

സമരസ്ഥലത്തേക്ക് പുറത്തുനിന്നുള്ള ആരെത്തിയാലും അവരെ തടയുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കണ്ണൂരിന്റെ മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ ചിലര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും നടന്നു.

ഇന്ന് പോലീസ് പ്രദേശത്തേക്കുള്ള മുഴുവന്‍ റോഡുകളും തടഞ്ഞിരിക്കുകയാണ്. വയല്‍ക്കിളി പ്രവര്‍ത്തകരും പോലീസും ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഇതുവരെ സ്ഥലത്തെത്താന്‍ സാധിച്ചിട്ടില്ല.