കണ്ണൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ മാറിയതിനു പിന്നാലെ കണ്ണൂര്‍ സര്‍വ്വകലാശാലയിലും ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള ഒരു കോളേജില്‍ ഇന്നലെ നടന്ന ‘പ്രോസ് ആന്‍ഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്’ എന്ന ഇംഗ്ലീഷ് പേപ്പര്‍ ഒന്നിനു പകരം ഇന്നു നടക്കാനിരുന്ന നോവല്‍ ആന്‍ഡ് പോയട്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി പൊട്ടിക്കുകയായിരുന്നു.

ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചതിനെത്തുടര്‍ന്നു കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന ഒന്നും രണ്ടും വര്‍ഷ ബിഎ, ബിഎസ്‌സി, ബികോം (വിദൂര വിദ്യാഭ്യാസം) ഡിഗ്രി ഇംഗ്ലീഷ് പേപ്പര്‍-രണ്ട് നോവല്‍ ആന്‍ഡ് പോയട്രി എന്നീ പരീക്ഷകള്‍ മാറ്റിവച്ചതായി സര്‍വ്വകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അടുത്തകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സര്‍വ്വകലാശാലാ-കോളേജ് അധികാരികളുടെ അനാസ്ഥയാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാത്രവുമല്ല ഇത്തരം സംഭവങ്ങള്‍ വിദ്യാര്‍ത്ഥികളെ നട്ടംതിരിക്കുകയുമാണ്.