എഡിറ്റര്‍
എഡിറ്റര്‍
ടാങ്കര്‍ ലോറി ദുരന്തം: മരണം ഏഴായി
എഡിറ്റര്‍
Wednesday 29th August 2012 5:15am

കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കണ്ണൂര്‍ ചാല സ്വദേശി അബ്ദുല്‍ റസാഖാണ് ഒടുവില്‍ മരിച്ചത്.പരിയാരം മെഢിക്കല്‍ കോളേജില്‍ ചികിത്സയിലായിലായിരിക്കേ മരിച്ച റംലത്തിന്റെ ഭര്‍ത്താവാണ് റസാഖ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു റസാഖ്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ചാല അമ്പലത്തിനടുത്ത് ശ്രീനിലയത്തില്‍ ശ്രീലത(47), ചാല ഞരോളിയില്‍ അബ്ദുള്‍ അസീസ്(55),കണ്ണൂര്‍ തോട്ടട സ്വദേശി നിര്‍മ്മല (50), ചാല സ്വദേശി രമ (50),ചാല സ്വദേശിനി വാഴയില്‍ ഗീത(42) എന്നിവരാണ് നേരത്തേ മരിച്ചത്.

Ads By Google

42 ഓളം പേര്‍ക്ക് അപകടത്തില്‍ പൊള്ളലേറ്റിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രി, തലശ്ശേരി സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് കണ്ണൂരിലെ ചാല ബൈപ്പാസിന് സമീപം ടാങ്കര്‍ മറിഞ്ഞ് തീപടര്‍ന്നത്. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഏകദേശം അരക്കിലോമീറ്ററാണ് തീപടര്‍ന്നത്. സമീപത്തെ വീടുകളിലേക്കും കടകളിലേക്കും തീപടര്‍ന്നിരുന്നു.

അതേസമയം, ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന കണ്ണയ്യയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ടാങ്കര്‍ മറിഞ്ഞെന്നും ഉടന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും ഇയാള്‍ തന്നെയാണ് സമീപവാസികളെ അറിയിച്ചത്. സംഭവത്തില്‍ ഒരു കോടിയിലേറെ രൂപയുടെ  നാശനഷ്ടമുണ്ടായതാണ് കണക്കാക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അപകടത്തിന് കാരണമായ ഡിവൈഡര്‍ പൊളിച്ചുമാറ്റിയിരുന്നു.

ഡി.വൈ.എസ്.പി സുകുമാരന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement