കണ്ണൂര്‍: കണ്ണൂര്‍ ചാലയിലെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ടാങ്കര്‍ ദുരന്തത്തിന് കാരണമായ ഡിവൈഡറുകള്‍ പൊളിച്ചുമാറ്റി. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദുരന്തത്തിന് ശേഷമുള്ള സ്ഥിതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഡിവൈഡറുകള്‍ പൊളിച്ചുമാറ്റാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

Ads By Google

യോഗത്തില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഡിവൈഡറാണ് അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡിവൈഡറുകള്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രി നിര്‍ദേശം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവ പൊളിച്ചുമാറ്റുകയായിരുന്നു. ഇന്നലെ രാത്രിയാണ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ജെ.സി.ബി ഉപയോഗിച്ച് ഡിവൈഡറുകള്‍ പൊളിച്ചുനീക്കിയത്. ഡിവൈഡറുകള്‍ക്ക് പകരം 15 ദിവസത്തിനുള്ളില്‍ ഗതാഗത നിയന്ത്രണത്തിന് പി.ഡബ്ല്യു.ഡിയും പോലീസും ചേര്‍ന്ന് പകരം സംവിധാനം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കണ്ണൂരിലെ ചാല ബൈപ്പാസിലാണ് ടാങ്കര്‍ പൊട്ടി തീ പടര്‍ന്നത്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ബൈപ്പാസിലെ ഡിവൈഡറില്‍ തട്ടി മറിയുകയും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ഞൂറ് മീറ്ററോളം തീ പടര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.