എഡിറ്റര്‍
എഡിറ്റര്‍
നമോവിചാര്‍ മഞ്ച് പിരിച്ചുവിട്ടു; വിമത ബി.ജെ.പി നേതാക്കള്‍ സി.പി.ഐ.എമ്മിലേക്ക്
എഡിറ്റര്‍
Thursday 23rd January 2014 7:14pm

bjp

പാനൂര്‍: ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ച കണ്ണൂരിലെ  നമോവിചാര്‍ മഞ്ച് പിരിച്ചുവിട്ടു. സംഘടന പിരിച്ചുവിട്ടിതിനെ തുടര്‍ന്ന് സി.പി.ഐ.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി മുന്‍ ദേശീയ സമിതിയംഗവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ ഒ.കെ. വാസുവും മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ അശോകനും അറിയിച്ചു.

നമോ വിചാര്‍ മഞ്ച് എന്ന സംഘടനയില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ബി.ജെ.പിയില്‍ നിന്നു നീതി ലഭിക്കില്ലെന്നു തങ്ങള്‍ക്കു ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.

നരേന്ദ്ര മോഡിയുടെ പേരില്‍ തുടങ്ങിയ നമോ വിചാര്‍ മഞ്ച് പിരിച്ചുവിടുന്നതിലൂടെ വി.എസിന്റെ എതിര്‍പ്പ് അവസാനിക്കുമെന്നാണ് കരുതുന്നത്. കണ്ണൂരില്‍ നമോവിചാര്‍ മഞ്ചുമായി സി.പി.ഐ.എം ചര്‍ച്ച നടത്തിയത് പാര്‍ട്ടി അറിവോടെയല്ലെന്ന് കഴിഞ്ഞദിവസം വി.എസ് പി.ബിക്ക് കത്തയച്ചിരുന്നു.

വാസു നമോവിചാര്‍ മഞ്ച് ജില്ലാ പ്രസിഡന്റായും അശോകന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയിലേക്ക് വരുകയാണെന്ന് സി.പി.ഐ.എം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജില്ലയിലെ രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ തങ്ങളോടൊപ്പം ബി.ജെ.പി വിട്ടതായി ഇവര്‍ അവകാശപ്പെട്ടു.

അതേസമയം, നമോവിചാര്‍ മഞ്ച് നേതാക്കളായ ഒ.കെ. വാസു, എ. അശോകന്‍ എന്നിവരെ സി.പി.ഐ.എമ്മില്‍ സ്വീകരിക്കുന്ന കാര്യം സംബന്ധിച്ച് പാര്‍ട്ടി ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഇവര്‍ ആദ്യം തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിനുശേഷം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.

എന്നാല്‍ നമോവിചാര്‍ മഞ്ചില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നു മറ്റൊരു ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് രാജിവച്ച സ്ഥിതിക്ക് അടുത്തദിവസം യോഗം ചേര്‍ന്നു പുതിയ പ്രസിഡന്റിനെ കണ്ടെത്തുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Advertisement