ഇരിട്ടി: ടാപ്പിംഗ് തൊഴിലാളി ചരള്‍ കൊല്ലംങ്കോട്ട് തറപ്പേല്‍ ജിമ്മി(33) വിഷം അകത്തുചെന്നു മരിച്ച സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഭാര്യയും കാമുകനും ഉള്‍പ്പടെ മൂന്നുപേരെ ഡി.വൈ.എസ്.പി പ്രജീഷ്‌തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാറുകുളത്തില്‍ ആശിഷ് അഗസ്‌റിന്‍(25), മരിച്ച ജിമ്മിയുടെ ഭാര്യ കുടിയാന്‍മല കവരപ്‌ളാവ് വടക്കേഓലാനിക്കല്‍ നിഷ(29), പുതുപ്പറമ്പില്‍ റോയി എന്ന റോയിസണ്‍(25) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ നാലിനാണ് ജിമ്മി വിഷം കഴിച്ച് മരിച്ചത്. ജിമ്മി സ്വയം വിഷം കഴിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാപ്പിയില്‍ വിഷം കലര്‍ത്തി കൊല്ലുകയായിരുന്നുവെന്ന് തെളിഞ്ഞത്.

ചരളില്‍ റബര്‍ടാപ്പിംഗ് തൊഴിലാളിയായ ജിമ്മി സംഭവദിവസം കൈയില്‍ കരുതിയിരുന്ന കാപ്പികഴിച്ചപ്പോള്‍ രുചിവ്യത്യാസം തോന്നുകയും ഉടന്‍ ഭാര്യയെ മൊബൈല്‍ഫോണില്‍ വിളിച്ച് കാപ്പിക്ക് രുചിവ്യത്യാസമുണ്ടെന്നും കഴിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഭാര്യയും നാട്ടുകാരും ചേര്‍ന്ന് അവശനിലയിലായ ജിമ്മിയെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിഷയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന ആശിഷ്, സുഹൃത്ത് റോയിയുമായി ചേര്‍ന്ന് അവരുടെ സമ്മതത്തോടെ കാപ്പിയില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും ജിമ്മിയെ കൊലപ്പെടുത്തിയ ശേഷം ഒരുമിച്ചു താമസിക്കാനായിരുന്നു ആശിഷിന്റെയും നിഷയുടെയും തീരുമാനമെന്നും പോലീസ് പറഞ്ഞു.

റോയിസണിന്റെ വീട്ടില്‍വച്ച് ആശിഷ് പദ്ധതി തയാറാക്കി ഇരുവരും ബൈക്കില്‍ ജിമ്മി ടാപ്പിംഗ് നടത്തിയിരുന്ന റബര്‍തോട്ടത്തില്‍ പോയി കാപ്പിപാത്രത്തില്‍ വിഷം കലര്‍ത്തുകയുമായിരുന്നു. പ്രതികള്‍ പോലീസിനോടു കുറ്റം സമ്മതിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. സിഐ ജോഷിജോസ്, എസ്‌ഐമാരായ കെ. നാരായണന്‍, കെ.പി ഭാര്‍ഗവന്‍, പി. അപ്പച്ചന്‍, എസ്പിയുടെ സ്‌ക്വാഡിലെ ഹെഡ്‌കോണ്‍സ്‌റബിള്‍ ബേബി ജോര്‍ജ്, റെജിസ്‌കറിയ, കെ. ജയരാജ്, മാത്യുജോര്‍ജ്, എം.ജെ ബെന്നി, പി. വിനോദ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.