കണ്ണൂര്‍: കണ്ണൂര്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റി അധ്യക്ഷസ്ഥാനത്തെച്ചൊല്ലി മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസ് പ്രതിനിധിയും പിന്നീട് മുസ്ലീം ലീഗ് പ്രതിനിധിയും അധ്യക്ഷസ്ഥാനം വഹിക്കും. കണ്ണൂരിലെ തര്‍ക്കം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

16വീതം സീറ്റുകളാണ് കണ്ണൂരില്‍ മുസ്ലീംലീഗിനും കോണ്‍ഗ്രസ്സിനും ഉണ്ടായിരുന്നത്. മുസ്ലീം ലീഗ് നല്‍കിയ സീറ്റില്‍ മത്സരിച്ചു ജയിച്ച ഐ.എന്‍.എല്‍ സ്വതന്ത്രനെക്കൂടി ഉള്‍പ്പെടുത്തി തങ്ങള്‍ക്ക് 17സീറ്റുകളുണ്ടെന്ന് ലീഗ് അവകാശപ്പെട്ടു. ഇതുപ്രകാരം ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കണ്ണൂര്‍ നഗരസഭ ആദ്യ രണ്ടരവര്‍ഷം ലീഗിന് ലഭിക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതാണ് പ്രശനങ്ങള്‍ക്കിടയാക്കിയത്.

ലീഗ് സംസ്ഥാന നേതൃത്വം കൂടി ഇടപെട്ടതുകൊണ്ടാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായത്. ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസ് ഭരിക്കും. കോണ്‍ഗ്രസിന്റെ എം.സി ശ്രീജയെ കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു.

എന്നാല്‍ ഇതനെതിരെ ലീഗ് പ്രാദേശിക നേതാക്കളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.