കണ്ണൂര്‍: എടക്കാട് മണപ്പുറത്ത് ബോംബ് ശേഖരം കണ്ടെത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മണപ്പുറം പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ബോംബുകളും ആയുധങ്ങളും കണ്ടെത്തിയത്. ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യല്‍, സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ഡി വൈ എസ് പി ജോണിന്റെ നേതൃത്വത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക ശേഖരവും ആയുധവും പിടിച്ചെടുത്തത്. എസ് ഡി പി ഐ യുടെ പേരിലുള്ള നിരവധി ലഘുലേഖകളും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.

മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. മഴു, വടിവാള്‍ എന്നിവയും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടാകുമെന്ന സംശയത്തില്‍ പള്ളിക്കുളത്തിലെ വെള്ളം വറ്റിച്ച് പരിശോധന നടത്തിയെങ്കിലും കകൂടുതല്‍ റെയ്ഡ് നടത്തുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഐ ജി സുധേഷ് കുമാര്‍ പറഞ്ഞു.

മണപ്പുറം പള്ളിയോട് ചേര്‍ന്നുള്ള ഈ പഴയ കെട്ടിടം പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് ആയി ഉപയോഗിച്ചു വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. നാടന്‍ ബോംബുകളാണ് കണ്ടെത്തിയതെങ്കിലും ഇവയില്‍ ചിലത് ഉഗ്ര സ്‌ഫോടനശേഷിയുള്ളവയാണ്. പോലീസ് കെട്ടിടം തുറന്നുനോക്കിയപ്പോള്‍ പൂട്ടിയിട്ടിരുന്ന അലമാരയില്‍ നിന്നാണ് വടിവാള്‍, കമ്പിപ്പാരകള്‍, ചെയിന്‍, കഠാരകള്‍ എന്നിവയുള്‍പ്പെടെ നിരവധി മാരകായുധങ്ങള്‍ കണ്ടെത്തിയത്.

അതേസമയം പുതിയ പള്ളി പണിയുന്നതിനു മുന്‍പ് ഈ കെട്ടിടം ആരാധനക്ക് ഉപയോഗിച്ചിരുന്നുവെന്നും ഇപ്പോള്‍ ഈ കെട്ടിടം പള്ളി ആരാധനക്ക് ഉപയോഗിക്കാറില്ലെന്നും അധികൃതര്‍ അറിയിച്ചു.