എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരിലെ ബി.ജെ.പി പിളര്‍പ്പിലേക്ക്; വിമതര്‍ക്ക് പിന്തുണയുമായി സി.പി.ഐ.എം
എഡിറ്റര്‍
Monday 4th November 2013 10:40am

bjp

കണ്ണൂര്‍: കണ്ണൂരിലെ ബി.ജെ.പി പിളര്‍പ്പിലേക്ക്. പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ചെറുവാഞ്ചേരിയില്‍ നൂറ്ക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സമാന്തര കണ്‍വെന്‍ഷന്‍ നടന്നു.

അതേസമയം ബി.ജെ.പിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് സൂചന കിട്ടിയതോടെ സി.പി.ഐ.എം നേതാക്കള്‍ പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.

സ്വഭാവ ദൂഷ്യമടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെടുന്നവരാണ് കഴിഞ്ഞ കുറേക്കാലങ്ങളായി കണ്ണൂരില്‍ സമാന്തര പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ 29 ന് നേതൃത്വത്തെ വെല്ലുവിളിച്ച് മുന്‍ നേതാക്കളായ ഒ.കെ വാസുവിനേയും എ. അശോകന്റേയും നേതൃത്വത്തില്‍ പാനൂരില്‍ കണ്‍വെന്‍ഷനും വിളിച്ചുകൂട്ടി.

ഈ കണ്‍വെന്‍ഷന് നേരെ ആക്രമണവും ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ വീണ്ടും ചെറുവാഞ്ചേരിയില്‍ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടിയത്.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമായി കാണുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അഞ്ഞൂറിലേറെ പ്രവര്‍ത്തകര്‍ പുതിയ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

ഇതുപോലുള്ള കണ്‍വെന്‍ഷനുകള്‍ കണ്ണൂര്‍ ജില്ലയില്‍ എമ്പാടും നടത്തുമെന്ന് ഒ.കെ വാസു പറഞ്ഞു. ഇത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്ക് ഒഞ്ചിയം ഉണ്ടായതുപോലെ ബി.ജെ.പിയുടെ ഒഞ്ചിയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പിളര്‍പ്പിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ സി.പി.ഐ.എമ്മാണ് രംഗത്ത് വന്നിരിക്കുന്നത്.

സി.പി.ഐ.എം സംസ്ഥാനസമിതിയംഗം എം.വി ജയരാജനും എം. സുരേന്ദ്രനുമടക്കമുള്ളവര്‍ എ.അശോകന്റെ വീട്ടിലെത്തി പിന്തുണ അറിയിക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ സാധാരണ നടക്കുന്നതാണെന്നും ഇതിനെ കുറിച്ച് ആലോചിച്ച് കൂടായ്കയില്ലെന്നും എ.അശോകന്‍ പ്രതികരിച്ചു.

ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ ബി.ജെ.പിയില്‍ പിളര്‍പ്പുണ്ടാക്കുമെന്ന് തന്നെയാണ് നേതാക്കള്‍ പറയുന്നത്.

അങ്ങനെയെങ്കില്‍ ഈ സാധ്യത ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലും സി.പി.ഐ.എമ്മും കോണ്‍ഗ്രസും.

Advertisement