തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം അടുത്ത സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളത്തിന്റെ എട്ടാം വാര്‍ഷിക പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

വിമാനത്താവളത്തിന്റെ റണ്‍വേയൂടെ നീളം 3050 മീറ്ററില്‍ നിന്നും 4000 മീറ്ററാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ കുറച്ച് കൂടി ഭൂമി ഏറ്റെടുക്കേണ്ടി വന്നെന്നും അതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റണ്‍വേ കണ്ണൂര്‍ വിമാനത്താവളത്തിന് സ്വന്തമാകുമെന്നും അദ്ദേഹം അറിയിച്ചു.

കാലാവസ്ഥ പ്രതികൂലമായി ബാധിച്ചതാണ് നിര്‍മ്മാണം വൈകിയതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇതിനോടകം തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്താന്‍ അന്താരാഷ്ട്ര വിമാന കമ്പനികള്‍ തല്‍പര്യം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.