എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ വിമാനത്താവള കരാര്‍ വിവാദം: എം.ഡി. വി. തുളസിദാസ് രാജിവെച്ചു
എഡിറ്റര്‍
Saturday 8th September 2012 12:27am

തിരുവനന്തപുരം: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിങ് ഡയറക്ടര്‍ വി.തുളസിദാസ് രാജിവെച്ചു. ഇന്നലെ വൈകീട്ട് മന്ത്രി കെ.ബാബുവിന്റെ ഓഫീസിലെത്തി നേരിട്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. രാജിക്കുള്ള കാരണങ്ങള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads By Google

കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയില്‍ മനംനൊന്താണ് രാജിയെന്നാണ് അറിയുന്നത്. കരാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ടെന്‍ഡര്‍ വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കിയാല്‍ പദ്ധതിക്കായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റൂപ്പ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവെച്ച കരാര്‍ റദ്ദാക്കിയത്.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള പദ്ധതിയ്ക്കുവേണ്ടിയുള്ള കണ്‍സല്‍ട്ടന്‍സി കരാറില്‍ ക്രമക്കേട് നടന്നെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. കരാര്‍ നല്‍കിയത് മൂന്ന് സംസ്ഥാനങ്ങളില്‍ അയോഗ്യത കല്‍പ്പന കമ്പനിക്കാണെന്നായിരുന്നു ആരോപണം.

നാല് കമ്പനികളാണ് കണ്‍സല്‍ട്ടന്‍സി കരാറിനായി അപേക്ഷ നല്‍കിയത്. സ്റ്റൂപ് കണ്‍സല്‍ട്ടന്‍സിക്കാണ് കരാര്‍ ലഭിച്ചത്. ഈ കമ്പനിക്കായി കുറഞ്ഞ തുക ക്വോട്ട് ചെയ്ത രണ്ട് കമ്പനികളെ ഒഴിവാക്കി. ഇത് ചോദ്യം ചെയ്ത് മറ്റ് കമ്പനികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് തന്നെ സ്റ്റൂപ് കമ്പനിയുമായി കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ കരാറില്‍ ഒപ്പുവെച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ഗുജറാത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിയാണ് സ്റ്റൂപ്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന സമയത്ത് സ്റ്റൂപ് ഇക്കാര്യം മറച്ചുവെച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇക്കാര്യം വെളിപ്പെട്ടതിനെത്തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയതെന്ന് വി.തുളസിദാസ് അറിയിച്ചിരുന്നു.

സ്റ്റൂപിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്‌ സംബന്ധിച്ച് കൊച്ചിയിലെ മിര്‍ പ്രോജക്ട്‌സ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് നല്‍കിയ ഹരജി അടുത്തയാഴ്ച കോടതി പരിഗണിക്കും. ഇതിനിടയിലാണ് കരാര്‍ റദ്ദാക്കിയത് സംബന്ധിച്ച് വാര്‍ത്ത വന്നത്.

Advertisement