എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രാനുമതി
എഡിറ്റര്‍
Thursday 7th June 2012 12:24am

ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ഈ സാമ്പത്തിക വര്‍ഷം തന്നെ വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. വിമാനത്താവളത്തിന്റെ നടത്തിപ്പ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉണ്ട്.

നവിമുംബൈ, ഗോവ വിമാനത്താവളങ്ങളാണ് അംഗീകാരം ലഭിച്ച മറ്റുള്ളവ. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളമാക്കുന്നതിനും യോഗം അംഗീകാരം നല്‍കി.

ഇതില്‍ ആദ്യം അന്താരാഷ്ട്ര സര്‍വീസിന് അംഗീകാരം ലഭിച്ചത് നവിമുംബൈ വിമാനത്താവളത്തിനാണ്. കണ്ണൂരിന് രണ്ടാംഘട്ടത്തിലാകും അന്താരാഷ്ട്ര സര്‍വീസിന് അംഗീകാരം.

പൊതു- സ്വകാര്യ സംയുക്ത സംരഭമായി ആരംഭിക്കാനാണ് വിമാനത്താവളങ്ങള്‍ക്ക് അംഗീകാരം. വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ബുള്ളറ്റ് ട്രെയിന്‍ സര്‍വീസിനും കേന്ദ്രം അംഗീകാരം നല്‍കി.

അതേസമയം, റെയില്‍വേയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ കേന്ദ്രറെയില്‍വേ മന്ത്രി മുകുള്‍ റോയ് പങ്കെടുക്കാതിരുന്നത് പ്രധാനമന്ത്രിയുടെ അതൃപ്തിക്ക് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയിലെ വളര്‍ച്ചയില്‍ പുനരുജ്ജീവനമുണ്ടാകണമെന്നും വളര്‍ച്ചയുടെ പാതയിലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രയത്‌നിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Advertisement