കണ്ണൂര്‍: കണ്ണൂരിന്റെ വ്യോമയാന പ്രതീക്ഷകള്‍ക്കു ചിറകുനല്‍കി കേരളത്തിലെ നാലാം വിമാനത്താവളത്തിന് മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍ തറക്കല്ലിട്ടു. മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ ഇന്ന് രാവിലെയായിരുന്നു ചടങ്ങ്. ചടങ്ങില്‍ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ അധ്യക്ഷനായിരുന്നു.

വിമാനത്താവളത്തെ ഏതെങ്കിലും വ്യക്തിയുടേയോ വ്യക്തികളുടേയോ സ്വകാര്യസ്വത്താക്കില്ലെന്ന് തറക്കല്ലിട്ട ശേഷം മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം വരുന്നതോടുകൂടി പതിനായിരത്തോളം തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുമെന്ന് സ്വാഗത പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സൂചിപ്പിച്ചു.

കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യമുള്ളതുമായ വിമാനത്താവളമാണ് മൂര്‍ഖന്‍ പറമ്പില്‍ ലക്ഷ്യമിടുന്നത്. 1287 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം പണിയുന്നത്.

മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 1200കോടിരൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ വിമാനത്താവളം, 3400 മീറ്റര്‍ റണ്‍വെ, സമാന്തരമായി ഇതേ നീളത്തില്‍ പാര്‍ക്കിങ് ബേയിലുള്ള ടാക്‌സി ട്രാക്ക്, കണ്‍വന്‍ഷന്‍ സെന്റര്‍, വന്‍കിട വ്യാപാരകേന്ദ്രങ്ങള്‍, വിമാന അറ്റകുറ്റപ്പണിക്കുള്ള മെയിന്റനന്‍സ് ഹാങ്ങര്‍ തുടങ്ങിയവയും പദ്ധതിക്കുകീഴില്‍ വരും.

ഒരേ സമയം ആയിരം യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകള്‍ യോജിപ്പിച്ചായിരിക്കും വിമാനത്താവളം നിര്‍മിക്കുക.