കൊച്ചി: ഇന്ധന വില വര്‍ധനയില്‍ വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ടോയ്ലറ്റ് പ്രതിഷേധവുമായി കെ.എസ്.യു.

പെട്രോള്‍ വിലവര്‍ധനയ്ക്ക് കാരണം പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മിക്കാനാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെ.എസ്.യുവിന്റെ പ്രതിഷേധം. ഇതിനെതിരെ കെ.എസ്.യു മഹാരാജാസ് കോളജ് യൂണിറ്റ് കമ്മിറ്റി പ്രതീകാത്മകമായി കക്കൂസ് സമര്‍പ്പിച്ചായിരുന്നു പ്രതിഷേധിച്ചത്.

‘കണ്ണേട്ടനൊരു കക്കൂസ്’ എന്ന പേരിലായിരുന്നു പ്രതിഷേധ പ്രകടനം. മഹാരാജാസ് കോളേജില്‍ നിന്ന് പ്രകടനമായി ഗാന്ധിസ്‌ക്വയറിന് സമീപമുള്ള സപ്ലൈകോ പമ്പിന് മുന്നിലെത്തി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കേരളത്തില്‍ നിന്നുള്ള ആദ്യ കക്കൂസ് കൈമാറി.


Also Read:  ‘കാസ്റ്റിംഗ് കൗച്ച് യാഥാര്‍ത്ഥ്യമാണ്, പക്ഷെ ബോളിവുഡില്‍ മാത്രമല്ലുള്ളത്’; തുറന്നടിച്ച് കൃതി സനോന്‍


കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു. കണ്ണന്താനത്തിന്റെ പ്രസ്താവന ജനങ്ങളെ അപഹസിക്കുന്നതാണെന്നും കാറുള്ളവര്‍ക്ക് മാത്രമാണ് ഇന്ധന വില വര്‍ദ്ധനവില്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്ന വാദം ശുദ്ധ മണ്ടത്തരമാണെന്നും ടിറ്റോ പറഞ്ഞു.

മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡണ്ട് എല്‍ എസ് തേജസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക് സെക്രട്ടറി കെ സേതുരാജ്, ഹബീബ് റഹ്മാന്‍, ജിബിന്‍ ബാബു, അനീഷ് കെ എച്ച്, ബിച്ചു, ആതിര സന്തോഷ്, തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.