കൊച്ചി: തന്നെ പ്രതി ചേര്‍ക്കണമെന്ന ജിജി തോംസണിന്റെ ആവശ്യം തമാശ മാത്രമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. കണ്ണന്താനത്തെയും പാമോലിന്‍ കേസില്‍ പ്രതിയാക്കണമെന്ന് ജിജി തോംസണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ ജിജി തോംസണിന്റെ ഹരജിയാണ് തന്നെ കക്ഷി ചേരാന്‍ പ്രേരിപ്പിച്ചതെന്നും കണ്ണന്താനം പറഞ്ഞു.

പാമൊലിന്‍ കേസിന്റെ എല്ലാ വശങ്ങളും അറിയാവുന്ന ആള്‍ എന്ന നിലയില്‍ സാക്ഷിയാകാന്‍ തയ്യാറാണ്. ജിജി തോംസണ്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി പരാതിക്കാരനായി രക്ഷകനാവുകയാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം ആരോപിച്ചു.

പി.ജെ.തോമസ് ഉള്‍പ്പടെയുള്ള സത്യസന്ധരായവര്‍ക്ക് ദോഷമുണ്ടായപ്പോള്‍ രക്ഷപ്പെട്ടത് ഉമ്മന്‍ ചാണ്ടി മാത്രമാണ്. പാമൊലിന്‍ ഇടപാടില്‍ പണമുണ്ടാക്കിയതും ചരടുവലിച്ചതും കെ.കരുണാകരന്റെ വിശ്വസ്തന്‍. 1996ല്‍ പുറത്തിറക്കിയ പുസ്തകത്തില്‍ തന്നെ ഇതുസംബന്ധിച്ച് അറിയുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.