തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗുണ്ടാ നേതാവായിരുന്ന കണ്ണാടി ഷാജി വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിന് പുറമേ 25,000 രൂപ വീതം പിഴയും ചുമത്തി.

Ads By Google

അമ്പലമുക്ക് കൃഷ്ണകുമാര്‍, സാനിഷ്, ജയലാല്‍, ശ്യാം എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഒന്നും രണ്ടും പ്രതികള്‍ക്ക് 20 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

പിഴത്തുക കൊല്ലപ്പെട്ട ഷാജിയുടെ അമ്മയ്ക്ക് നല്‍കണം. മൂന്ന് പ്രതികള്‍ക്ക് അവരുടെ ആഗ്രഹപ്രകാരം തുടര്‍വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി 5 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി ഇന്നലെ വെറുതെവിട്ടിരുന്നു.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനും വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയില്‍ വാദിച്ചിരുന്നു.

2011 നവംബര്‍ രണ്ടിന് രാവിലെയാണ് ഷാജിയെ വീടിന് സമീപത്തുവെച്ച് പ്രതികള്‍ വെട്ടിക്കൊന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി തൊഴിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അമ്പലമുക്ക് കൃഷ്ണകുമാറിന്റെ കൂട്ടാളികളായ കൊക്കോട് ശ്യാം, പ്രവീണ്‍ എന്നിവരെ കൊലപ്പെടുത്തിയവരെ സംരക്ഷിച്ചുവെന്ന് ആരോപിച്ചാണ് കണ്ണാടി ഷാജിയെ വെട്ടിക്കൊന്നത്.